ആലപ്പുഴ: 2022-23 സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് ഇനി നൽകാനുള്ളത് നാമമാത്ര തുകയെന്ന് സപ്ലൈകോ. അതേസമയം, പാഡി രസീത് ഷീറ്റിന്റെ (പി.ആർ.എസ്) പേരിൽ കർഷകർക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന ചോദ്യവുമുയരുന്നു.
2022-23 സീസണിൽ സംഭരിച്ച നെല്ലിന്റെ വില ഇനി നൽകാൻ അവശേഷിക്കുന്നത് തർക്കമുള്ള കേസുകളിൽ മാത്രമാണെന്ന് സപ്ലൈകോ അധികൃതർ പറയുന്നു. 2023-24 കാലയളവിലെ ആദ്യഘട്ട നെല്ല് സംഭരണം സപ്ലൈകോ ഒക്ടോബർ അവസാനം ആരംഭിച്ചു. അതിന്റെ വില തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങുമെന്നും സപ്ലൈകോ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ തുക നൽകാൻ അവശേഷിക്കുന്നത് നെല്ല് നൽകിയയാൾ മരണപ്പെട്ടുപോയത്, തുക നൽകുന്നതിന് നോമിനിയെ കുറിച്ച് തർക്കമുള്ള കേസുകൾ, മൈനറായ ആളുടെ പേരിൽ പി.ആർ.എസ് നൽകാൻ ബാങ്കുകൾ വിസമ്മതിച്ചത്, ആളുകൾ വിദേശത്ത് പോയത് തുടങ്ങിയ കാര്യങ്ങളാൽ നിയമക്കുരുക്കിൽപെട്ടവർക്ക് മാത്രമാണ്. തർക്കങ്ങളില്ലാത്ത എല്ലാവർക്കും പണം നൽകി കഴിഞ്ഞു.
പി.ആർ.എസ് വായ്പയുടെ പേരിൽ കർഷകനെതിരെ നടപടിയെടുക്കാൻ ബാങ്കുകൾക്ക് കഴിയില്ലെന്നിരിക്കെ അത് ബാങ്കുകളുടെ വായ്പ നൽകുന്നതിനുള്ള മാനദണ്ഡമായ സിബിൽ സ്കോറിൽ ഉൾപെടുത്തുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ബാങ്കുകളുടെ ഈ നടപടിക്കെതിരെ സമരത്തിന് കർഷക സംഘടനകൾ ഒരുങ്ങുന്നുമുണ്ട്.
പി.ആർ.എസ് യഥാർഥത്തിൽ സപ്ലൈകോയും ബാങ്കുകളുമായുള്ള ഇടപാടാണ്. സപ്ലൈകോ സംഭരിച്ച നെല്ല് കുത്തി അരിയാക്കി റേഷൻ കടകൾവഴി വിതരണം നടത്തിയതിന്റെ കണക്ക് ഹാജരാക്കുമ്പോൾ മാത്രമാണ് കേന്ദ്ര സർക്കാർ പണം അനുവദിക്കൂ. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് പി.ആർ.എസ് വായ്പ എന്ന നിലയിൽ ബാങ്കുകളുടെ സഹായത്തോടെ കർഷകർക്ക് പണം അനുവദിക്കുന്നത്. ഇത് വായ്പയായാണ് ബാങ്കുകൾ കർഷകർക്ക് നൽകുന്നതെങ്കിലും അതിന്റെ തിരിച്ചടവ് നടത്തേണ്ടത് സപ്ലൈകോയാണ്. തിരിച്ചടവ് മുടങ്ങിയാൽ കർഷകന്റെ പേരിൽ നടപടിയെടുക്കാനാവില്ല എന്നതാണ് പി.ആർ.എസ് വായ്പയുടെ പ്രത്യേകത. സംസ്ഥാന സർക്കാറും ബാങ്കുകളും തമ്മിൽ ഉണ്ടാക്കിയ കരാർ അനുസരിച്ചാണ് പി.ആർ.എസ് വായ്പ അനുവദിക്കുന്നത്. പി.ആർ.എസ് വായ്പ തിരിച്ചടക്കുന്നതിൽ സപ്ലൈകോ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ ബാങ്കുകൾ കർഷകർക്ക് മറ്റ് വായ്പകൾ അനുവദിക്കുന്നതിന് തടസ്സം പറഞ്ഞതാണ് തകഴിയിൽ കർഷകന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.
എസ്.ബി.ഐ, കനറാ, ഫെഡറൽ എന്നീ ബാങ്കുകളുടെ കൺസോർട്യം വഴിയാണ് കർഷകർക്ക് പണം നൽകുന്നത്. 6.9 ശതമാനമാണ് പലിശ. ഈ പലിശയുടെ ബാധ്യതയും സപ്ലൈകോക്കാണ്. എന്നാൽ, കുടിശ്ശിക വന്നതോടെ ബാങ്കുകൾ പണം നൽകുന്നത് നിർത്തിയത് പി.ആർ.എസ് വായ്പ കർഷകർക്ക് നൽകുന്നതിന് ബാങ്കുകൾ വിസമ്മതിക്കാൻ ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.