കോഴിക്കോട്: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നിമിഷങ്ങൾക്കകം അപ്രത്യക്ഷമായ കുറിപ്പിന്‍റെ സ്ക്രീൻഷോട്ടുകളാണിപ്പോൾ ഫേസ്ബുക്ക് വാളുകളിൽ നിറയുന്നത്.
‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയേ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ -എന്നതായിരുന്നു കുറിപ്പ്.
പത്മജ ബി.ജെ.പിയിൽ ചേർന്നെങ്കിലും ഫേസ്ബുക്ക് പേജിന്‍റെ ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അഡ്മിൻ കൊടുത്ത പണിയാണോ എന്നതടക്കം രസകരമായ കമന്‍റുകളാണ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് പലരും ചോദിക്കുന്നത്.
ന്യൂഡൽഹി: മോദി ശക്തനായ നേതാവാണെന്നും മോദിയുടെ പ്രവർത്തനം തന്നെ ആകർഷിച്ചെന്നും ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കറിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം പത്മജ വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോദിയുടെ കാര്യത്തിൽ തനിക്ക് രാഷ്ട്രീയമില്ല. മോദിയുടെ കഴിവും നേതൃത്വവും എന്നും ആകർഷിച്ചിരുന്നു. അതാവാം ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനത്തിന് വഴിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ബി.ജെ.പിയിൽ തന്‍റെ റോൾ എന്തെന്ന് അറിയില്ല -പത്മജ കൂട്ടിച്ചേർത്തു.
തന്നെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ പത്മജ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ടി.വിയിലിരുന്ന് നേതാവായ ആളാണെന്നാണ് പത്മജ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.