നഴ്സിങ്ങാണ് പഠനമാധ്യമമെങ്കിലും പത്മശാലിനിയുടെ മനസ്സ് മുഴുവൻ നൃത്തമാണ്. നൃത്തത്തെ അത്രയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട് അവർ. അഞ്ചാം വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശാലിനി പതിനാലാം വയസ്സുവരെ ഗുരുവിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു. തുടർന്ന് സ്വന്തം പരിശ്രമത്താലാണ് നൃത്തത്തിൽ പുതുപരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി 2020ൽ നൃത്തത്തിനായി യൂട്യൂബ് ചാനൽ ആരംഭിച്ചു. ഇതിനകം 240 ലധികം നൃത്തോപഹാരങ്ങളാണ് ഈ പുലാപ്പറ്റ സ്വദേശിനി യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. നാല് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുമായി ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘പത്മശാലിനി’ചാനൽ.
തിരുവോണം എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ. അർജുനൻ മാസ്റ്റർ സംഗീതം നൽകിയ തിരുവോണ പുലരിതൻ എന്ന് തുടങ്ങുന്ന ഗാനത്തിന് ശാലിനി ഒരുക്കിയ നൃത്താവിഷ്കാരം ശ്രദ്ധേയമായിരുന്നു. തിരുവാവണിരാവ്, പാതിരാ പൂവേണം, മുത്താളം മുടിതാളം, കുട്ടനാടൻ പുഞ്ചയിലെ എന്ന് തുടങ്ങുന്ന ഗാനങ്ങൾക്കും ശാലിനി മനോഹരമായ നൃത്താവിഷ്കാരമൊരുക്കിയിട്ടുണ്ട്. ലോക് ഡൗൺ കാലയളവിൽ വീട്ടുമുറ്റത്തു ചുവടുവെച്ച ‘തുളസികതിർ നുള്ളിയെടുത്ത്’എന്ന ഗാനത്തിനൊരുക്കിയ നൃത്തമാണ് ആദ്യമായി ചാനലിൽ പ്രേക്ഷകർക്കായി സമർപ്പിച്ചത്. ആ നൃത്തം മില്യൺ ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞു.
വിഷുക്കണിയായി 'കണികാണും നേരവും', പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനൊരുക്കിയ നൃത്തവും പ്രേക്ഷകർ ഏറ്റുവാങ്ങി. അമ്മ പത്മയാണ് ശാലിനിക്ക് എല്ലാമെല്ലാം. യൂ ട്യൂബ് ചാനൽലിന് ‘പത്മശാലിനി’എന്ന് പേര് നൽകിയതിലും അമ്മയുമായുള്ള ആ ഇഴയടുപ്പം വ്യക്തമാകുന്നു. ചലച്ചിത്ര താരവും നർത്തകിയുമായ മഞ്ജു വാര്യർ, പിന്നണി ഗായകരായ ദിനേഷ്, വിധു പ്രതാപ്, നർത്തകിമാരായ സൗമ്യാ ബാലഗോപാൽ, ദീപ്തി വിധു പ്രതാപ്, ഗായിക അഖിലാ ആനന്ദ് ഗാനരചയിതാവ് വാസുദേവൻ പോറ്റി, ഉന്നത വിദ്യഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇഷിതറോയ്, മുൻ ഒറ്റപ്പാലം സബ് കലക്ടർ സഞ്ജയ് കൗശിക് തുടങ്ങിയവർ ശാലിനിയുടെ നൃത്തത്തെ അഭിനന്ദിച്ചവരിൽ ഉൾപ്പെടുന്നു.
ഇഷിതറോയുടെ പ്രത്യേക ക്ഷണത്തിൽ 2024 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന താക്കൂർ അനുകുലചന്ദ്രയുടെ 136ാമത് ജന്മദിനാഘോഷ പരിപാടിയിൽ ശാലിനി അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഭൂരിപക്ഷം നൃത്തങ്ങളും ശാലിനി തന്നെയാണ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. അമ്മ പത്മയാണ് നൃത്തങ്ങൾ റെക്കോഡ് ചെയ്യുന്നത്. എഡിറ്റിങ്ങ് തുടങ്ങി മറ്റു എല്ലാ കാര്യങ്ങളും ശാലിനി തന്നെയാണ് ചെയ്യുന്നത്. നാലാം വർഷ ബി.എസ് സി നഴ്സിങ് വിദ്യാർഥിനിയാണ് ശാലിനി ഇപ്പോൾ. കോണിക്കഴി ലീല രാമചന്ദ്രൻ, കോങ്ങാട് ലത എന്നിവരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. നൃത്തത്തിൽ ഭരതനാട്യമാണ് ഇഷ്ടപ്പെട്ട ഇനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.