കോട്ടയം: പാലാ നിയമസഭ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് ജോസ് വിഭാഗവുമായി തുറന്ന പോരിന് എൻ.സി.പി. പാലാ വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനുമില്ലെന്ന് മുന്നറിയിപ്പ് നൽകിയ മാണി സി. കാപ്പൻ എം.എൽ.എ, വിഷയം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ ഒറ്റക്ക് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
അതിനിടെ പാലാ വിഷയം ഇടതു മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് േജാസ് െക. മാണിയും വ്യക്തമാക്കി. പാലാ സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ജോസ് വിഭാഗവും. യു.ഡി.എഫ് വാതിൽ തുറന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ കാപ്പൻ കടുത്ത നിലപാടിന് മടിക്കില്ലെന്ന സൂചന അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും നൽകുന്നു. യു.ഡി.എഫിലേക്ക് പോകുമോയെന്ന ചോദ്യത്തിന് 'വരട്ടെ'യെന്ന് മറുപടി നൽകിയ കാപ്പൻ ഒരു സാഹചര്യത്തിലും പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് വ്യാഴാഴ്ചയും ആവർത്തിച്ചു. എൽ.ഡി.എഫ് ജില്ല കമ്മിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ ഇടതു മുന്നണിക്ക് ഭൂരിപക്ഷം കുറഞ്ഞെന്നും ജോസ് കെ. മാണിയുടെ അവകാശവാദം ശരിയല്ലെന്നുമുള്ള കാപ്പെൻറ പരസ്യവിമർശനവും ഇടതു മുന്നണി നേതൃത്വം ഗൗരവമായി കാണുന്നതായാണ് വിവരം. മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തെ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരള കോൺഗ്രസ് മാറ്റിമറിച്ച സാഹചര്യത്തിൽ കാപ്പെൻറ വിമർശനം അതിരുവിട്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്നാണ് കാപ്പെൻറ പ്രധാന ആരോപണം. പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് ഭരിച്ചിരുന്ന രാമപുരം, മുത്തോലി പഞ്ചായത്തുകൾ നഷ്ടമായി. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽ ഭരണം നേടാനായില്ല. ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ഇല്ലാതെ ഇടതുമുന്നണി പാലായിൽ ഉണ്ടാക്കിയ നേട്ടത്തിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ലെന്നും കണക്ക് സഹിതം അദ്ദേഹം വ്യക്തമാക്കി. പാലാ നഗരസഭയിൽ 17 സീറ്റ് ഉണ്ടായിരുന്ന ജോസ് വിഭാഗത്തിന് 10 സീറ്റ് മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ.
രണ്ടു പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവിൽ ഇടതു പ്രവർത്തകർ കഷ്ടപ്പെട്ട് നേടിയതാണ് പാലാ സീറ്റെന്ന് കാപ്പൻ അഭിപ്രായപ്പെടുന്നു. ഒമ്പത് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഇടതു മുന്നണി ലീഡ് നേടിയിരുന്നു. ഒരു പഞ്ചായത്തിൽ ഒരു സീറ്റ് വീതം എങ്കിലും എൻ.സി.പിക്ക് ലഭിക്കേണ്ടതായിരുന്നു. ആകെ തന്നത് രണ്ട് സീറ്റും. ഇതിൽ എൻ.സി.പി പ്രവർത്തകർക്ക് പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ പ്രതിഷേധം അറിയിക്കാതെ അവർ രാഷ്ട്രീയ മര്യാദ കാണിച്ചു. കടനാട്, കരൂർ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിലെ അതൃപ്തി തെരഞ്ഞെടുപ്പ് സമയത്ത് സി.പി.ഐ പ്രകടിപ്പിച്ചതും മുന്നണിക്കു പുറത്ത് പരസ്യമായി മത്സരിച്ചതും കാപ്പൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.