തിരുവനന്തപുരം: പാലക്കാട്ടെ പരാജയ കാരണം നിരത്താൻ കഴിയാതെ, വിശദീകരണങ്ങളിൽ മലക്കം മറിഞ്ഞ് സി.പി.എം. പോളിങ്ങിന് മുമ്പ് കോൺഗ്രസ്-ബി.ജെ.പി ഡീൽ ആരോപിച്ച സി.പി.എം വടകരയിൽ ഷാഫി പറമ്പിലിനെ സഹായിച്ചതിന് പകരമായി പാലക്കാട്ട് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്കെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ പാലക്കാട്ട് കോൺഗ്രസ് വോട്ടുകളിൽ ഒരു വിഹിതമെങ്കിലും ബി.ജെ.പിയിലേക്ക് മറിയണം. എന്നാൽ സംഭവിച്ചത് തിരിച്ചാണ്. കഴിഞ്ഞ തവണ ഇ. ശ്രീധരനിലൂടെ നേടിയ വോട്ടുകൾ പിടിച്ചെടുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര ഭൂരിപക്ഷം നേടിയത്.
ഫലം വന്ന ശേഷം സി.പി.എം പറയുന്നത് മറ്റൊന്നാണ്. ‘കോൺഗ്രസ്-ബി.ജെ.പി ഡീൽ തൃശൂരിന്റെ തുടർച്ചയാണ്. കെ. മുരളീധരനെ ലോക്സഭയിലും നിയമസഭയിലും എത്തിക്കാൻ പാടില്ല. കെ. മുരളീധരൻ തൃശൂരിൽ തോറ്റതും പാലക്കാട് മത്സരിപ്പിക്കണമെന്ന ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ശിപാർശ കത്ത് എ.ഐ.സി.സി അംഗീകരിക്കാത്തതും ആ ഡീലിന്റെ ഭാഗമായാണ് -എ.കെ. ബാലൻ പറഞ്ഞു. അത് കൂടുതൽ വിശദീകരിക്കാൻ ബാലൻ തയാറായില്ല. അതേസമയം, മന്ത്രി പി. രാജീവ് വിശദീകരിക്കുന്നത് തൃശൂർ ഡീലെന്നാണ്. തൃശൂരിൽ ബി.ജെ.പിയെ സഹായിച്ചതിന് പാലക്കാട് കോൺഗ്രസിന് പ്രത്യുപകാരം ലഭിച്ചെന്നാണ് രാജീവിന്റെ കണ്ടെത്തൽ.
അതേസമയം, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പെടെ എല്ലാ സി.പി.എം നേതാക്കളും ഒരേസ്വരത്തിൽ പറയുന്നത് മറ്റൊന്നാണ്. പാലക്കാട്ടെ കോൺഗ്രസ് വിജയം എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗീയതയുടെ വിജയമാണത്രെ. ബി.ജെ.പി ഭീഷണിയുള്ള മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള ഇതര മതേതര പാർട്ടി സ്ഥാനാർഥിയെ പിന്തുണക്കുകയെന്നത് കേരളത്തിന് പുറത്ത് സി.പി.എമ്മിന്റെയും പ്രഖ്യാപിത അടവുനയമാണ്. പാലക്കാട്ട് മുസ്ലിം സംഘടനകൾ ആ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത്. സംഘ്പരിവാറിനെ ചെറുക്കുന്നവർ തങ്ങളാണെന്ന് ആണയിടുന്ന സി.പി.എം, സംഘ്പരിവാർ ജയിക്കാതിരിക്കാൻ ഒരു സമുദായം കാണിച്ച രാഷ്ട്രീയ ജാഗ്രതയെ വർഗീയ മുദ്രകുത്തി ആക്ഷേപിക്കുന്ന പ്രകടമായ വൈരുധ്യമുണ്ട്.
പാലക്കാട്ട് സി.പി.എം പ്രചാരണത്തിലുടനീളം ഇക്കുറി ഈ നിലപാടിലെ വൈരുധ്യം മുഴച്ചുനിന്നു. സാദിഖലി തങ്ങളെ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വിശേഷിപ്പിച്ചതിന്റെ ലക്ഷ്യം ബി.ജെ.പി ചായ്വുള്ള ഭൂരിപക്ഷ വോട്ടുകളാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ഭീകരരെന്ന് നേരത്തേ പറഞ്ഞുവെച്ച സി.പി.എം, അതിനോട് ചേർത്തുവെച്ച് പാണക്കാട് തങ്ങൾമാരെയും ഭീകരതയുടെ കരിനിഴലിലേക്ക് തള്ളുകയാണ്. നേരത്തേ അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി- കുഞ്ഞാലിക്കുട്ടി എന്നുമുള്ള ആഖ്യാനങ്ങൾ മുന്നോട്ടുവെച്ച സി.പി.എമ്മിന്റെ വർഗീയ കാർഡിന് തീവ്രത കൂടുന്നുവെന്ന് ചുരുക്കം.
തങ്ങൾക്കൊപ്പമില്ലാത്ത മുസ്ലിം സംഘടനകളെയെല്ലാം വർഗീയതയുടെ കളത്തിലേക്ക് മാറ്റിനിർത്തുന്ന സി.പി.എമ്മിന് സംഘ്പരിവാറിനോട് കൈകോർത്തുനിൽക്കുന്ന ഇതര സമുദായ സംഘടനകളോട് ആ സമീപനമില്ലെന്ന് വ്യാപക വിമർശനമുണ്ട്. ഡോ. പി. സരിൻ കോൺഗ്രസ് വിട്ട് വന്നത് സത്യസന്ധമായ നയംമാറ്റമായി സ്വീകരിച്ചവർ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആർ.എസ്.എസുകാരനായി തന്നെ നിലനിർത്തുന്നു. സന്ദീപ്വാര്യരെ മുൻനിർത്തിയുള്ള വിവാദ പത്രപരസ്യത്തിലൂടെ മുസ്ലിം വോട്ടിൽ വിള്ളലുണ്ടാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടത്. എല്ലാ പരീക്ഷണങ്ങളും പാളിയെങ്കിലും അത് സി.പി.എം അംഗീകരിക്കുന്നില്ല. പാലക്കാട്ട് തോറ്റത് പരിശോധിക്കുമെന്നല്ല, ജയിച്ചത് മുസ്ലിം വർഗീയതയെന്നതാണ് ഇതുവരെ സി.പി.എം നേതാക്കൾ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.