സർക്കാറിന് 7.19 കോടി നഷ്ടം വരുത്തി പാലക്കാട്- കോഴിക്കോട് ദേശീയ പാത നിർമാണം: കോൺട്രാക്ടറും എഞ്ചിനീയറും സഹോദരന്മാർ

കോഴിക്കോട് : സർക്കാറിന് 7.19 കോടി നഷ്ടം വരുത്തിയ പാലക്കാട്- കോഴിക്കോട്  ദേശീയ പാത 966 -ലെ ( പഴയ എൻ.എച്ച് -213 ) നിർമാണത്തിലെ കോൺട്രാക്ടറും എഞ്ചിനീയറും സഹോദരന്മാരെന്ന് ധനകാര്യ റിപ്പോർട്ട്. അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള 23 കിലോ മീറ്റർ റോഡിൻറെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന നിർമാണത്തിന്  കരാർ ഏറ്റെടുത്ത മഞ്ചേരിയിലെ മലബാർ ടെക് എന്ന കോൺട്രാക്ട് കമ്പനിയുടെ പാർട്ട്ണറായ കെ.മുഹമ്മദ് അക്ബർ മലപ്പുറം പൊതുമരാമത്ത് (ദേശീയപാത ഡിവിഷൻ) എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിലിന്റെ ജ്യേഷ്ഠനാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിൽ സ്വന്തം സഹോദരൻ പങ്കാളിയായി ഉൾപ്പെട്ട കമ്പനി ടെണ്ടർ നടപടികളിൽ പങ്കെടുത്ത വിവരം വകുപ്പിനെ അറിയിച്ചില്ല. ടെണ്ടർ നടപടികളിൽ മലബാർ ടെക്ക് കമ്പനിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിൽ വഴിവിട്ട സഹായം ചെയ്തുവെന്ന ആരോപണം സാങ്കേതികമായി നിലനിൽക്കില്ല. എന്നാൽ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുഹമ്മദ് ഇസ്മയിലിൻറെയും കരാർ കമ്പനിയുടെയും ഭാഗത്ത് നിന്നുണ്ടായ ചില നടപടികൾ പരാതിയിലെ ആരോപണം ഭാഗികമായി ശരിവക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഉദാഹരണമായി ബിഡുകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബർ നാല് ആയിരുന്നു. അതിന് തൊട്ടു മുൻപ് 2017 നവംമ്പർ 30ന് മലബാർ ടെക് പാർട്ണർഷിപ്പ് റീകോൺസ്റ്റിട്യൂട്ട് ചെയ്തു. ഇതിനായി 2015 ജൂൺ 27നു വാങ്ങിയ സ്റ്റാമ്പ് പേപ്പർ ഉപയോഗിച്ചു. ഇതെല്ലാം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിലിൻറെ സഹോദരനായ കെ. മുഹമ്മദ് അക്‌ബർ എന്നയാൾ പാർട്ട്ണർഷിപ്പിൽ നിന്നും 2018 ജനുവരി 16ന് വിടുതൽ ചെയ്ത കരാറിന്റെ പകർപ്പാണ് മലബാർ ടെക്ക് വിജിലൻസിന് നൽകിയത്.

എസ്റ്റിമേറ്റ് തുകയെക്കാൾ 22. 51 ശതമാനം കുറഞ്ഞ നിരക്കിൽ ബിഡ് കരസ്ഥമാക്കിയ മലബാർ ടെക് 12 മാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കുന്നതിനാണ് കരാർ ഒപ്പ് വെച്ചത്. എന്നാൽ, മതിയായ മേൽനോട്ടം നടത്താതെ കരാറുകാരന് അനുകൂല സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു. അതുവഴി രണ്ട് തവണയായി 12 മാസത്തേക്ക് കൂടി പൂർത്തീകരണ സമയം ദീർഘിപ്പിച്ചു. ഈ കാലയളവിൽ അസംസ്കൃത വസ്തുക്കളുടെ വിലയിൽ സ്വാഭാവികമായ വർധനവുണ്ടായി, ഇക്കാരണം ചൂണ്ടിക്കാട്ടി വൻ തുകക്കുള്ള വേരിയേഷൻ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം നേടി‌ക്കൊടുത്തു.

ഒറിജിനൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താമായിരുന്ന 'സ്കാരിഫൈയിങ്' എന്ന ഇനം ആയതിൽ ഉൾപ്പെടുത്താതെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി. ജി.എസ്.ബി, ഡബ്ല്യു.എം.എം എന്നിവ ഉൾപ്പെടെയുള്ള ഏഴ് ഇനങ്ങളിൽ 125 ശതമാനം വർധിപ്പിച്ച് പുതുക്കിയ നിരക്കിന് അർഹത നേടി. എന്നൽ, ഈ ഇനങ്ങൾ റോഡ് പ്രവർത്തിയുടെ സൈറ്റിൽ ഉപയോഗപ്പെടുത്തിയെന്ന് ഉറപ്പാക്കിയില്ല. ജി.എസ്.ബി, ഡബ്ല്യു.എം.എം എന്നിവക്ക് പകരം നിലവാരം കുറഞ്ഞ ക്വാറിവേസ്റ്റ് ആണ് ഉപയോഗിച്ചത്. ഇത് വൻതുക തട്ടിയെടുക്കാൻ കാരാറു കമ്പനിക്ക് കളമൊരുക്കിക്കൊടുത്ത് സഹായിച്ചു.

അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചതിൽ എസ്റ്റിമേറ്റുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടായി എന്നും അത് പ്രകാരം കരാറുകാരന് നൽകിയ പേയ്മെൻറിൽ കുറവ് വരുത്താൻ പൊതുമരാമത്തു ദേശിയ പാത വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയറോടും ചീഫ് എഞ്ചിനീയറോടും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തിൽ കാലതാമസം വരുത്തി. അതുവഴി കരാറുകാരനായ മലബാർ ടെക്കിനു ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നതിനുമുള്ള അവസരം നൽകിയെന്ന് ചീഫ് ടെക്നിക്കൽ എക്സാമിനർ റിപ്പോർട്ട് ചെയ്തു.

നിർമാണാവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി വന്ന മണ്ണ്, പാറ എന്നിവ ലേലം ചെയ്യുന്നതിനുള്ള അനുമതിക്കായി എഗ്രീമെന്റ്റ് അതോറിറ്റിയായ പൊതുമരാമത്തു വകുപ്പ് (ദേശീയ പാത, ഉത്തര മേഖല) സൂപ്രണ്ടിങ് എഞ്ചിനീയരുടെ കാര്യാലയത്തിലേക്ക് നൽകിയിരുന്നില്ല. ഈ നടപടി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മയിലിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. 

Tags:    
News Summary - Palakkad-Kozhikode National Highway: The contractor and engineer are brothers at the construction stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.