പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയിൽവേ

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുമെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ പ്രചാരണം പൊതുജനങ്ങൾക്കിടയിൽ ആശകുഴപ്പവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന ഇത്തരം വാർത്തകളുടെ വസ്തുത പരിശോധിക്കാതെ പലപ്രമുഖരുടെയും പ്രതികരണം കൂടുതൽ ആശകുഴപ്പം ഉണ്ടാക്കിയെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.

ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിൻമാറണമെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

പാലക്കാട് ഡിവിഷൻ നിർത്തലാക്കി പകരം കോയമ്പത്തൂരും മംഗളൂരുവും കേന്ദ്രീകരിച്ച് പുതിയ ഡിവിഷനുകൾ സ്ഥാപിക്കാൻ നീക്കം നടക്കുന്നുവെന്നാണ് പ്രചരിച്ച വാർത്ത. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള ഡിവിഷൻ നിർത്തലാക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ കേന്ദ്രസർക്കാറിനെതിരെ വൻ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയർന്നത്. ഇതേ തുടർന്നാണ് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തിയത്. 

1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളില്‍ ഒന്നാണ്. പാലക്കാട് ഡിവിഷന്‍ മുമ്പ് വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്. നിലവില്‍ പോത്തന്നൂര്‍ മുതല്‍ മംഗളുരു വരെ 588 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാലക്കാട് ഡിവിഷന്‍ .  വരുമാനത്തിലും മികച്ച നിലയിലാണ് പാലക്കാട് ഡിവിഷൻ. 2023-24 സാമ്പത്തിക വർഷം യാത്രാ ട്രെയിനുകളിൽ നിന്നു മാത്രമായി 964.19 കോടി രൂപയാണ് പാലക്കാട് ഡിവിഷന്റെ വരുമാനം.

Tags:    
News Summary - Palakkad Railway Division will not be closed; Railways said the campaign was baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.