തലശ്ശേരി: ഓണവിപണി ലക്ഷ്യമിട്ട് പാലക്കാടൻ മൺപാത്രങ്ങളും. പാലക്കാട് ആലത്തൂർ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശിയിലെ പുറ്റുണ്ട സുബ്രഹ്മണ്യനും ഭാര്യ കമലവും പതിവുപോലെ മൺപാത്രങ്ങളുമായി നഗരത്തിലുണ്ട്. കറിച്ചട്ടി ഉൾപ്പെടെയുളള വ്യത്യസ്ത മൺപാത്രങ്ങളാണ് സ്റ്റേഡിയം കോർണറിൽ വിൽപനക്ക് വെച്ചിട്ടുള്ളത്. സ്റ്റീൽ, അലൂമിനിയം, ഇൻഡാലിയം പാത്രങ്ങളുടെ തളളിക്കയറ്റത്തിൽ പിറകോട്ടുപോയ മൺപാത്ര വ്യവസായം തിരിച്ചുവരവിലാണ്. പുതുതലമുറയും മൺപാത്രങ്ങൾ ഇഷ്ടപ്പെട്ടുതുടങ്ങിയെന്നാണ് കച്ചവടക്കാരായ ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നത്.
കളിമണ്ണിൽ നിർമിച്ച അടുപ്പുകളും വിൽപനക്കായി കൊണ്ടുവന്നിട്ടുണ്ട്. കറിച്ചട്ടികളാണ് ഏറെയുളളത്. പുട്ടും പാനിയും, ചീനച്ചട്ടികൾ, ജഗ്ഗ്, കൂജ, ഭരണി, കുടുക്ക, ചെടിച്ചട്ടികൾ തുടങ്ങിയവയും സുലഭം. വ്യത്യസ്ത വലുപ്പത്തിലുള്ള മൺകൂജക്ക് 250 രൂപ മുതൽ 600 രൂപ വരെ വിലയുണ്ട്. വേനൽ കടുത്തതോടെ തണുത്ത വെളളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കൂജക്ക് ആവശ്യക്കാരേറെയാണ്. കളിമണ്ണിന്റെ ലഭ്യതക്കുറവും പാലക്കാട് നിന്നും തലശ്ശേരി വരെയുളള ട്രാൻസ്പോർട്ടിങ് ചാർജിലെ വർധനയും കണക്കിലെടുത്ത് മൺപാത്രങ്ങൾക്ക് വിലയിൽ അൽപം വർധനയുണ്ട്. എന്നാലും ആവശ്യക്കാരുണ്ടെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. തലശ്ശേരിയിൽ 23 വർഷമായി മൺപാത്രങ്ങൾ വിൽപനക്കെത്തിക്കുന്നത് ഈ കുടുംബമാണ്. വിഷു, ഓണം സീസണുകളിലും മറ്റ് വിശേഷാവസരങ്ങളിലുമാണ് ഇവർ തലശ്ശേരിയിലെത്താറുളളത്. സഹോദരൻ രാധാകൃഷ്ണനും പാലിശ്ശേരി സബ് ട്രഷറിക്ക് സമീപം മൺപാത്രങ്ങൾ വിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.