കോട്ടയം: മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സ്വപ്ന ട്രാക്കിലൂടെ പാലരുവി എക്സ്പ്രസ് കൂകിപ്പാഞ്ഞു. ഇതോടെ യാഥാർഥ്യമായത് സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ വൈദ്യുതീകരിച്ച ഇരട്ട റെയില്‍പാതയെന്ന സ്വപ്നം. മുളന്തുരത്തി -കായംകുളം ഇരട്ടപ്പാത യാഥാർഥ്യമാക്കി എറ്റുമാനൂര്‍ -ചിങ്ങവനം രണ്ടാംപാത തുറന്നു. പകൽ പത്തുമണിക്കൂറോളം നീണ്ട അവസാനഘട്ട ജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി 9.20ഓടെ പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്കുള്ള പാലരുവി എക്സ്പ്രസാണ് ആദ്യമായി കടന്നുപോയത്. ഞയാറാഴ്ച വൈകീട്ട് ആറോടെയാണ് നിർമാണ പ്രവൃത്തികൾ പൂർണമായത്. രാവിലെ ഏറ്റുമാനൂരിന് സമീപം പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും കൂട്ടിയോജിപ്പിക്കുന്ന കട്ട് ആൻഡ് കണക്ഷൻ നടപടികൾ ആരംഭിച്ചു.
തുടർന്ന് ട്രാക്ക് അലൈൻമെന്റും ഇലക്ട്രിക് ലൈൻ കറക്ഷനും പൂർത്തിയാക്കി. ഒരു ബോഗിയുള്ള എൻജിൻ ഉപയോഗിച്ച് ഇരട്ടപ്പാതയിൽ ഓടിച്ച് സുരക്ഷയും ഉറപ്പാക്കി. ആറുമണിയോടെ പണി പൂർത്തിയായതായി റെയിൽവേ അധികൃതർക്ക് സർട്ടിഫിക്കറ്റ് കൈമാറി. രാത്രി പാലരുവി എക്സ്പ്രസ് പാറോലിക്കലിൽ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ ഫ്ലാഗ്ഓഫ് ചെയ്ത് പുതിയ പാളത്തിലേക്കു കയറ്റി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ പുതിയ പാതയിലൂടെ വന്ന ട്രെയിന്‍ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.