കോഴിക്കോട്: പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രതിഷേധിച്ച് വിവിധ വനിത സംഘടനകൾ. പൊലീസിെൻറ അനാസ്ഥയും കെടുകാര്യസ്ഥതയും വ്യക്തമാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് ആവശ്യപ്പെട്ടു.
ബാലപീഡനത്തിനെതിരെ ശക്തമായ നിയമം ഉണ്ടായിരിക്കെ, അനാഥയായ ബാലികയെ നിഷ്കരുണം പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ക്രൈംബ്രാഞ്ചിെൻറ ഭാഗത്തുനിന്ന് ഉണ്ടായത്. വനിത കമീഷനും ബാലാവകാശ കമീഷനും മൗനം പാലിക്കുകയാണ് -പ്രസ്താവനയിൽ പറഞ്ഞു.
‘അപമാനകരം’
കോഴിക്കോട്: ബി.ജെ.പി നേതാവിന് പോക്സോ കുറ്റം ചുമത്താതെ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
സത്യസന്ധമായ അന്വേഷണം നടത്താതെയും ശരിയായ കുറ്റപത്രം സമര്‍പ്പിക്കാതെയും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചത് സാക്ഷരകേരളത്തിന് അപമാനകരമാണ്. സ്ഥലം എം.എല്‍.എയും ശിശുക്ഷേമ മന്ത്രിയുമായ കെ.കെ. ശൈലജ കുറ്റകരമായ മൗനം പാലിക്കുന്നതും അംഗീകരിക്കാനാവാത്തതാണ്. പ്രസിഡൻറ് സി.വി. ജമീല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റുക്സാന, വൈസ് പ്രസിഡൻറ് സഫിയ അലി, സെക്രട്ടറി അസൂറ അലി എന്നിവർ സംസാരിച്ചു.
‘സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളി’
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ സർക്കാർ നിലപാട് സ്ത്രീസമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ഗേൾസ് ആൻഡ് വിെമൻസ് മൂവ്മെൻറ് (എം.ജി.എം) സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട്, ജനറൽ സെക്രട്ടറി ഷമീമ ഇസ്ലാഹിയ എന്നിവർ പറഞ്ഞു.
സർക്കാർ സുതാര്യവും പഴുതടച്ചതുമായ അന്വേഷണം നടത്തണം -എം.ജി.എം ആവശ്യപ്പെട്ടു.
വിമൺ ജസ്റ്റിസ് മൂവ്മെൻറ് നിൽപ് സമരം നടത്തി
തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവിനെ രക്ഷിക്കാൻ സർക്കാറും ബി.ജെ.പിയും ഒത്തുകളിച്ചതായി ആരോപിച്ച് വിമൺ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപ് സമരം സംഘടിപ്പിച്ചു. കുറ്റപത്രത്തിൽനിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്നത് ഒത്തുകളി വ്യക്തമാക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു. മിനി വേണുഗോപാൽ, സുബൈദ കക്കോടി, ഉഷാ കുമാരി, ചന്ദ്രിക കൊയ്ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, സൽവ, കെ.കെ. റഹീന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.