തൃശൂർ: ദേശീയപാതയിലെ പാലിയേക്കര, പന്നിയങ്കര ടോൾ പ്ലാസകളിൽ പിരിവ് തുടരുമെന്ന് ദേശീയപാത അതോററ്റി (എൻ.എച്ച്.എ.ഐ). ഒരേ ദിശയിലുള്ള റോഡിൽ 60 കിലോമീറ്ററിനിടയിൽ രണ്ടു പ്ലാസകളിൽ ടോൾ പിരിവ് പാടില്ലെന്ന നിയമം ബാധകമല്ലെന്നും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയായി അതോററ്റി വ്യക്തമാക്കി. പാലിയേക്കര, പന്നിയങ്കര ടോൾ പ്ലാസകൾ രണ്ടു ബി.ഒ.ടി നിർമാണത്തിന്‍റെ ഭാഗമാണ്.
മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ നാലുവരിപ്പാതയിലുള്ള പാലിയേക്കര ടോൾ പ്ലാസ കേന്ദ്ര നിയമം അനുസരിച്ചാണ് ഫീസ് പിരിക്കുന്നത്. 2011 ജൂൺ 20ന് പുറത്തിറക്കിയ വിജഞാപനം അനുസരിച്ചാണ് ഫീസ് പിരിക്കുന്നത്. അതേസമയം മണ്ണുത്തി മുതൽ വടക്കഞ്ചേരി ആറുവരിപാതയിലുള്ള പന്നിയങ്കര ടോളിൽ 2009ലെ കരാർ പ്രകാരം 2013 ജൂൺ 26നുള്ള വിജ്ഞാപനം അനുസരിച്ചുമാണ് ടോൾ പിരിക്കുന്നത്.
ഒരേ ദിശയിലുള്ള ദേശീയ പാതയിൽ അറുപത് കിലോമീറ്ററിനുള്ളിൽ ഒന്നിൽ കൂടുതൽ ടോൾ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പാടില്ല. എന്നാലിവ രണ്ടു പദ്ധതികളുടെ ഭാഗമായതിനാൽ ഒന്നല്ലെന്നാണ് മറുപടി. എന്നാൽ 60 കിലോമീറ്റർ ദൂരത്തിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ സ്ഥാപിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് എൻ.എച്ച് അധികാരികൾ മറുപടിയിൽ വ്യക്തമാക്കുന്നു.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിക്കുന്നതിന് നൽകിയ അനുമതി സംബന്ധിച്ച് എൻ.എച്ച്.എ.ഐ വിജിലൻസ് വകുപ്പ് ഒരു അന്വേഷണവും നടപടികളും സ്വീകരിച്ചിട്ടില്ലെന്നും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലുണ്ട്. 2028 ജൂൺ 21 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാനുമാവും. എന്നാൽ ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഷാജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.