കോഴിക്കോട്: പരപ്പിൽ എം.എം സ്കൂളിലെ 1965 ബാച്ചിലെ 10 ബിയിൽ അന്നേ സർവാദരണീയനായ ഒരു 'നേതാവു' ണ്ടായിരുന്നു. വലിയ പ്രസംഗകനോ കൂടുതൽ മാർക്ക് വാങ്ങുന്ന ആളോ ആയതുകൊണ്ടല്ല, ഹൈദരലി തങ്ങൾ എന്ന വിദ്യാർഥി അധ്യാപകരുടെയും സഹപാഠികളുടെയും ആദരമേറ്റുവാങ്ങിയത്. അതിനപ്പുറം അസാധാരണ പക്വതയും വിനയവുമൊക്കെ പ്രകടിപ്പിക്കുന്നയാൾ എന്ന നിലയിലായിരുന്നു.
ക്ലാസിൽ തൊപ്പി വെച്ച് വരുന്ന ഏതാനും വിദ്യാർഥികളിൽ ഒരാളായിരുന്നു. സഹപാഠികൾ അദ്ദേഹത്തെ ദ്വേഷ്യം പിടിപ്പിക്കാൻ തൊപ്പി എടുത്ത് ഒളിപ്പിച്ചുവെക്കും. അന്നേ കറുത്ത തൊപ്പിയായിരുന്നു -കോഴിക്കോട്ടെ മുതിർന്ന മാധ്യമപ്രവർത്തകനും സഹപാഠിയുമായ പി.സി. ലത്തീഫ് ഓർക്കുന്നു. തൊപ്പിയിൽ തൊട്ടാലൊന്നും തങ്ങളെ ദ്വേഷ്യം പിടിപ്പിക്കാൻ സഹപാഠികൾക്കാവില്ല. ദേഷ്യപ്പെടുന്നത് എങ്ങനെയാണെന്ന് അറിയാത്ത കുട്ടിയായിരുന്നു.
അധ്യാപകരോടും സഹപാഠികളോടും പെരുമാറ്റം അങ്ങേയറ്റത്തെ ബഹുമാനത്തോടെ മാത്രം. ഹെഡ്മാസ്റ്റർ ശേഷനാരായണ അയ്യർ മാഷിനും വിശ്വനാഥൻ മാഷിനും സുരേന്ദ്രൻ മാഷിനുമൊക്കെ തിരിച്ചും ഈ വിദ്യാർഥിയോട് ബഹുമാനവും ആദരവും ഉള്ളതായി സഹപാഠികൾക്ക് തോന്നിയിരുന്നു.
അന്നേ തങ്ങളുടെ മനസ്സിൽ മതസാഹോദര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊക്കെ വലിയ കാഴ്ചപ്പാടുണ്ടായിരുന്നെന്ന് മറ്റൊരു സഹപാഠി പി.വി. അബ്ദുല്ലക്കോയ ഓർക്കുന്നു. പാരമ്പര്യമായി കിട്ടിയ മാനസികവലുപ്പമായിരുന്നു അത്. ശൈഖ് പള്ളിക്കടുത്ത് കുടംബ വീട്ടിലായിരുന്നു തമാസം.
സ്കൂളിൽ പഠിക്കാൻവേണ്ടി ഇവിടെ താമസിക്കുകയായിരുന്നു. കുറ്റിച്ചിറയിലെ വലിയ തറവാട്ടുമുറ്റങ്ങളിൽ ഹൈദരലി തങ്ങൾ കുട്ടുകാരോടൊപ്പം നാടകവും ഫുട്ബാളും ഒക്കെ കളിച്ചുനടന്ന ഓർമകൾ ഇവിടത്തുകാർക്കുണ്ട്. ഗോളിയായിരുന്നു തങ്ങൾ. ഫുട്ബാളിനോട് വലിയ ഇഷ്ടമായിരുന്നു. നാടകം കളിക്കാൻ കൂട്ടുകാർ നിർബന്ധിച്ച് സ്റ്റേജിൽ കയറ്റും. എല്ലാറ്റിലും ചേരാൻ തങ്ങൾക്ക് മടിയില്ല. ഹിന്ദിപ്പാട്ടും വലിയ ഇഷ്ടമായിരുന്നു -അദ്ദേഹം ഓർത്തെടുത്തു.
2018ൽ പരപ്പിൽ എം.എം സ്കൂളിലെ 1965 ബാച്ച് ഒത്തുകൂടി. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും സഹപാഠികളുടെ പേരൊന്നും തങ്ങൾ മറന്നിട്ടില്ല. എല്ലാവരുടെയും പേരെടുത്ത് വിളിച്ച് സംസാരിക്കുന്ന തങ്ങളെ കണ്ട് സഹപാഠികൾക്ക് വിസ്മയം. ചില പൂർവവിദ്യാർഥികൾ ആ സംഗമത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കിടപ്പിലാണെന്നറിഞ്ഞു. പയ്യാനക്കൽ, തിരുവണ്ണൂർ, കല്ലായി തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആ സഹപാഠികളെ വീട്ടിൽ സന്ദർശിച്ചാണ് അന്ന് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.