കൊച്ചി: ഉറ്റവരും ഉടയവരുമെത്തിയില്ലെങ്കിലും രാജകീയമായിരുന്നു ആ പിഞ്ചുകുഞ്ഞിന്റെ അന്ത്യയാത്ര. മാതാപിതാക്കളും ബന്ധുക്കളും കൈവെടിഞ്ഞെങ്കിലും നഗരം അതിനെ നെഞ്ചോടുചേർത്തു. ഒടുവിൽ പുല്ലേപ്പടി ശ്മശാനത്തിൽ നിറകണ്ണുകളോടെ യാത്രയയപ്പുമൊരുക്കി.
കൺതുറക്കും മുമ്പേ മാതാവിന്റെ കരങ്ങളാൽ ജീവൻ നഷ്ടമായ പനമ്പിള്ളി നഗറിലെ കുരുന്നിനെയാണ് ജനപ്രതിനിധികളുടെയും പൊലീസുദ്യോഗസ്ഥരുെടയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചത്. ബന്ധുക്കൾ കൈയൊഴിഞ്ഞതിനാൽ പൊലീസും കൊച്ചി കോർപറേഷനും ചേർന്നാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. രാവിലെ 11 മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹവുമായി ശ്മശാനത്തിലേക്ക് ആംബുലൻസ് എത്തിയത്. അവിടെ കൊച്ചി മേയർ എം. അനിൽകുമാറും ജനപ്രതിനിധികളും ഉന്നത പൊലീസുദ്യോഗസ്ഥരും നേരത്തെ തന്നെ എത്തിയിരുന്നു. മൃതദേഹം മേയറുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി അന്ത്യാഞ്ജലിയർപ്പിച്ചു. കൈയിൽ കരുതിയ പൂക്കളും കളിപ്പാട്ടവുമെല്ലാം പെട്ടിയുടെ മുകളിൽ വെച്ചു. തുടർന്ന്, ശ്മശാനത്തിലെ കവാടത്തോടുചേർന്ന് അന്ത്യ വിശ്രമമൊരുക്കി. ഇതിന് മുന്നോടിയായി പൊലീസുദ്യോഗസ്ഥർ സല്യൂട്ടും നൽകി. ചടങ്ങിന് സാക്ഷിയാകാൻ നിറകണ്ണുകളോടെ പരിസരവാസികളായ നിരവധിപേരുെമത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലെ ശൗചാലയത്തിൽ പിറന്നുവീണയുടൻ 23കാരിയായ അമ്മയുടെ ക്രൂരതക്കിരയായി കുഞ്ഞ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അവിവാഹിതയായ യുവതി കൊറിയർ കവറിൽ പൊതിഞ്ഞ് റോഡിലേക്കെറിയുകയായിരുന്നു. പ്രതിയായ യുവതി ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ സമ്മതപത്രം വാങ്ങിയ ശേഷമാണ് പൊലീസ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.