പനയമ്പാടം അപകടം: ലോറി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായി സൂചന; അമിതവേഗവും അപകടത്തിനിടയാക്കി

പാലക്കാട്: പനയമ്പാടത്ത് ലോറി മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഗതാഗത കമീഷണര്‍ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മറിഞ്ഞ ലോറിയിലിടിച്ച ലോറിയുടെ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്ന സൂചന റിപ്പോർട്ടിലുണ്ട്.

ഡ്രൈവറുടെ ഫോണ്‍ വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് വിഭാഗം. സിമന്റുമായി മണ്ണാര്‍ക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയില്‍ എം.എച്ച് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ പിറകുവശം ഇടിച്ചതാണ് അപകടകാരണം. അമിതവേഗവും അപകടത്തിനിടയാക്കിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ പറയുന്നു. ഫോണ്‍ ഉപയോഗിച്ച് അശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവര്‍ എതിരെ വരുന്ന ലോറി കണ്ട് വെട്ടിത്തിരിക്കാന്‍ ശ്രമിച്ചതോടെ പിറകുവശം കയറ്റം കയറിവരുന്ന ലോറിയുടെ വിൻഡ് ഷീൽഡ് മിററില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ വേഗം കൃത്യമായി കണ്ടെത്താൻ ജി.പി.എസ് രേഖകള്‍ പരിശോധിക്കണം. മറിഞ്ഞ ലോറി സിമന്റ് ലോഡുമായി കയറ്റം കയറിവരുകയായിരുന്നതിനാല്‍ അമിതവേഗമുണ്ടായിരുന്നില്ല. രണ്ടു വാഹനങ്ങളുടെയും ടയറുകൾക്ക് തേയ്മാനമില്ലെന്നും കണ്ടെത്തി. കല്ലടിക്കോട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറി മറിഞ്ഞ് മരിച്ച കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, പി.എ. ഇർഫാന ഷെറിൻ, എ.എസ്. ആയിഷ എന്നിവർക്ക് നാട് തീരാവേദനയോടെ വിടയേകി.

നാലു പേരുടേയും മൃതദേഹങ്ങൾ വെള്ളിയാഴ്ച പുലർച്ചെ വീടുകളിലെത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കൂട്ടക്കരച്ചിൽ കണ്ടുനിന്നവരെയെല്ലാം സങ്കടക്കടലിലാഴ്ത്തി. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ടുവരുമ്പോഴാണ് ലോറി പാഞ്ഞുകയറി നാല് വിദ്യാർഥിനികളും മരിച്ചത്.

തുപ്പനാടിന് സമീപം ചെറൂളിയിൽ അര കിലോമീറ്ററിനുള്ളിലാണ് നാലുപേരുടെയും വീടുകൾ. മൃതദേഹങ്ങൾ പ്രാർഥനാചടങ്ങുകൾക്കു ശേഷം രാവിലെ 8.30ന് തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. പൊതുദര്‍ശന വേദിയിലെ മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

പത്ത് മണിയോടെ മൃതദേഹങ്ങൾ ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. മയ്യിത്ത് നമസ്‌കാരത്തിനുശേഷം ഒറ്റ ഖബറിൽ നാലു പേരെയും ഖബറടക്കി.

Tags:    
News Summary - Panayambadam accident: Excessive speed caused accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.