പാലക്കാട്: ഏപ്രിൽ ഒന്ന് മുതൽ ‘കെ. സ്മാർട്ടാ’കുന്നതിന്റെ ഭാഗമായി ഗ്രാമ-േബ്ലാക്ക് -ജില്ല പഞ്ചായത്തുകളിൽ ഫയൽ തീർപ്പാക്കൽ തിരക്ക്. വിവിധ സോഫ്റ്റ്വെയറുകൾ വഴി ചെയ്തിരുന്ന മുഴുവൻ പ്രവൃത്തികളും ഈ മാസാവസാനത്തോടെ പൂർത്തിയാക്കി ‘കെ സ്മാർട്ട്’ എന്ന ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റും.
നേരത്തെ കോർപറേഷനുകളിലും നഗരസഭകളിലും കെ. സ്മാർട്ട് നടപ്പാക്കിയിരുന്നു. മുഴുവൻ ജീവനക്കാർക്കും കെ. സ്മാർട്ടിൽ പരിശീലനം നൽകിവരികയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കെ സ്മാർട്ട് സോഫ്റ്റ്വെയർ, ഈ മാസം 25 നകം നൽകാൻ ഇൻഫർമേഷൻ കേരള മിഷനോട് നിർദേശിച്ചിട്ടുണ്ട്.
പഞ്ചായത്ത്, േബ്ലാക്ക്, ജില്ല പഞ്ചായത്തുകളിൽ കെ സ്മാർട്ട് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് സേവനം ലഭിക്കില്ലെന്ന് തദ്ദേശവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്ന് മുതൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്വെയറുകൾ പ്രവർത്തിക്കില്ല. കെ സ്മാർട്ട് വിന്യാസ ഭാഗമായി സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയില്ല.
കെ-സ്മാർട്ട് പൗരകേന്ദ്രീകൃതമായതിനാൽ ഫ്രണ്ട് ഓഫിസിന് പ്രാധാന്യം ഇല്ലാതായെന്ന് കെ. സ്മാർട്ട് മാർഗരേഖ. ‘കെ-സ്മാർട്ടി’ൽ നൽകേണ്ട അപേക്ഷകളും റിപ്പോർട്ടുകളും പരാതികളും സ്വന്തം ലോഗിൻ മുഖേനയാണ് നൽകേണ്ടത്. മൊബൈൽ ഫോൺ ഉപയോഗിച്ചും സേവനങ്ങൾ ലഭ്യമാക്കാനാകും.
അതിനാൽ സാങ്കേതിക വിദ്യയിൽ പരിജ്ഞാനം കുറഞ്ഞവർക്ക് അത് ലഭ്യമാകാൻ കുറച്ചുകാലം കൂടി പൗരസഹായ കേന്ദ്രങ്ങളായി ‘സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ’ പ്രവർത്തിക്കും. ലോഗിൻ ക്രിയേറ്റ് ചെയ്യാനും അത്‍വഴി അപേക്ഷകൾ നൽകാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ടാകും.
ടെക്നിക്കൽ അസിസ്റ്റൻറുമാർക്കാണ് സെന്ററിന്റെ ചുമതല. സാക്ഷരത പ്രേരക്മാരുടെ സേവനവും കുടുംബശ്രീ ഹെൽപ് ഡെസ്കുകളുടെ സേവനവും ഉപയോഗപ്പെടുത്താം. കെ-സ്മാർട്ട് പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.