തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് മുന്നിൽ. 15 സീറ്റിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ ഒമ്പതില്‍നിന്ന് 12 ലേക്ക് യു.ഡി.എഫ് സീറ്റ് വര്‍ധിച്ചു. ബി.ജെ.പിക്ക് എവിടെയും ജയിക്കാനായില്ല. എൽ.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്.ഡി.പി.ഐ- ഒന്ന്, സ്വതന്ത്രർ- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
വയനാട് ഒഴികെ 13 ജില്ലകളിലെ 30 വാർഡിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കാസർകോട് മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സി.പി.എം എതിരില്ലാതെ ജയിച്ചിരുന്നു. ബാക്കി 28 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. എൽ.ഡി.എഫിന്റെ 17 സീറ്റ് (സി.പി.എം-14, സി.പി.ഐ-മൂന്ന്) 15 ആയി കുറഞ്ഞു. സി.പി.എമ്മിന് രണ്ടും സി.പി.ഐക്ക് ഒരു സീറ്റും നഷ്ടമായി. കേരള കോൺഗ്രസ് എം ഒരു സീറ്റ് പിടിച്ചെടുത്തു. യു.ഡി.എഫിൽ കോൺഗ്രസ്-10, മുസ്ലിംലീഗ്- ഒന്ന്, കേരള കോൺഗ്രസ്- ഒന്ന് എന്നിങ്ങനെയാണ് വിജയം.
തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. തലസ്ഥാന ജില്ലയിൽ കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി വാർഡ് സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കോട് വാർഡ് കോൺഗ്രസിൽ നിന്ന് സി.പി.എമ്മും പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡ് കോൺഗ്രസിൽ നിന്ന് എസ്.ഡി.പി.ഐയും പിടിച്ചെടുത്തു.
പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍, കോഴിക്കോട് പുറമേരി ഗ്രാമപഞ്ചായത്തുകളിലെ സി.പി.എമ്മിന്റെയും എറണാകുളം പായിപ്ര പഞ്ചായത്തിലെ സി.പി.ഐയുടെയും സിറ്റിങ് വാര്‍ഡുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്ക്കുന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് അവകാശപ്പെട്ടു. എന്നാൽ, കൂടുതൽ സീറ്റുകളിൽ ജയിക്കാനായത് തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ, എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.