പാനൂർ: പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ നിയമന തസ്തിക നികത്താതെ മാസങ്ങൾ. പേരിനു മാത്രം താലൂക്ക് ആശുപത്രിയായ ഇവിടെ ഒ.പി പരിശോധനക്ക് രണ്ടു ഡോക്ടർമാർ മാത്രമാണുള്ളത്. പാനൂരിന് ചുറ്റുവട്ടത്തും കിഴക്കൻ പ്രദേശങ്ങളായ പൊയിലൂർ, ചെറുവാഞ്ചേരി മുതലുള്ളവർക്ക് ആശ്രയമായ ആശുപത്രിയിൽ ചികിത്സിക്കാൻ മതിയായ ഡോക്ടർമാരില്ലെന്നത് അധികൃതർ കണ്ണടക്കുകയാണ്.
ദിവസേന 700ഓളം രോഗികൾ ഒ.പിയിലെത്തുമ്പോഴാണ് പരിശോധിക്കാൻ രണ്ട് ഡോക്ടർ മാത്രമുള്ളത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിശോധനക്ക് മണിക്കൂറുകളോളം നീണ്ട നിര സാധാരണമാണ്. നാല് ഡോക്ടർമാരുടെ നിയമന ഒഴിവ് നികത്താൻ നിരവധി തവണ ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു. നിലവിലെ ഡോക്ടർമാർ രോഗികളുടെ ആധിക്യം കാരണം വിശ്രമമില്ലാതെ മണിക്കൂറുകളോളം പരിശോധിക്കേണ്ടി വരികയാണ്. അതിനു പുറമെ ഇ.എൻ.ടി ഡോക്ടറുടെ സേവനവും പാനൂരിൽ ഇല്ല.
നിലവിലെ ഇ.എൻ.ടി വിഭാഗം ഡോക്ടർക്ക് ജില്ല ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ പകരം ഡോക്ടറുടെ നിയമനവുമായില്ല.
നിരവധി തവണ തസ്തിക നികത്താൻ അപേക്ഷ നൽകിയെങ്കിലും പരിഗണന മാത്രം ലഭിച്ചിട്ടില്ലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.