കോട്ടയം: മഞ്ഞക്കൊന്നയില്നിന്ന് കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) ഉടൻ പേപ്പർ ഉൽപാദനം ആരംഭിക്കും. ഇതിനായി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ വനംവകുപ്പുമായി ധാരണപത്രം ഒപ്പിടും. ഇതിന്റെ തുടർച്ചയായി ജൂലൈ അവസാന ആഴ്ചയിൽ ഉൽപാദനം ആരംഭിക്കാനാണ് കെ.പി.പി.എല്ലിന്റെ തീരുമാനം. നേരത്തേ കോട്ടയം വെള്ളൂരിലെ കെ.പി.പി.എല്ലിന്റെ റിസർച് ആന്‍ഡ് െഡവലപ്മെന്റ് സെൽ പരീക്ഷണാടിസ്ഥാനത്തിൽ മഞ്ഞക്കൊന്നയില്നിന്ന് പൾപ്പ് രൂപപ്പെടുത്തുകയും ഇതുപയോഗിച്ച് പേപ്പർ നിർമിക്കുകയും ചെയ്തു. ഇത് വിജയമായതോടെയാണ് വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കാൻ തീരുമാനിച്ചത്. ഇവർ മരങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചതോടെ മഞ്ഞക്കൊന്ന പേപ്പർ നിർമാണത്തിന് ഉപയോഗിക്കാൻ വനംവകുപ്പ് ഉത്തരവിറക്കി.
ആദ്യഘട്ടത്തിൽ നോര്‍ത്ത് വയനാട് ഡിവിഷനില്‍നിന്ന് 5000 ടണ്‍ കൊന്നത്തടിയാണ് വെള്ളൂരില്‍ എത്തിക്കുന്നത്. ധാരണപത്രം ഒപ്പിട്ടശേഷം കരാർ നൽകും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മഴ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ മഞ്ഞക്കൊന്ന ഉപയോഗിച്ച് പേപ്പർ നിർമാണം തുടങ്ങുമെന്ന് കെ.പി.പി.എൽ അധികൃതർ പറഞ്ഞു. ഇതിനൊപ്പം 30 ശതമാനം പഴയ പേപ്പറുകളും ഉൾപ്പെടുത്തിയാകും കടലാസ് നിർമിക്കുക
ആദ്യഘട്ടമായി മഞ്ഞക്കൊന്നക്ക് മെട്രിക് ടണ്ണിന് 350 രൂപയാണ് വനംവകുപ്പ് ഈടാക്കുന്നത്. എന്നാൽ, ഇത് കുറഞ്ഞനിരക്കാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. സർക്കാർ സ്ഥാപനമായതിനാലാണ് കുറഞ്ഞ നിരക്കെന്നും വിജയകരമാണെന്ന് കണ്ടാൽ തുക ഉയർത്തുന്നത് പരിഗണിക്കുമെന്നും വനംവകുപ്പ് പറയുന്നു.
നേരത്തേ വന്യജീവി സങ്കേതങ്ങളില്‍നിന്ന് മരങ്ങൾ നീക്കം ചെയ്യാന്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍, മദ്രാസ് ഹൈകോടതി മഞ്ഞക്കൊന്ന പോലുള്ള സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് തടസ്സമില്ലെന്ന് 2022 ആഗസ്റ്റില്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ കടലാസ് നിര്‍മാണത്തിന് പ്രയോജനപ്പെടുത്താനുള്ള തീരുമാനം. അടുത്ത ഘട്ടമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലി എന്നീ മരങ്ങള്‍ കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്.
വയനാട് സങ്കേതത്തിലെ 35 ശതമാനം പ്രദേശങ്ങളിലെ 123.86 ചതുരശ്ര കിലോമീറ്ററില്‍ മഞ്ഞക്കൊന്ന വ്യാപിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ചുറ്റുമുള്ള സസ്യങ്ങളെ മഞ്ഞക്കൊന്നയുടെ സാന്നിധ്യം ദോഷകരമായി ബാധിച്ചിരുന്നു. തുടർന്ന് ഇവ നശിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും പൂർണവിജയത്തിലെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.