സുൽത്താൻ ബത്തേരി: നടവയൽ ചീങ്ങോടുള്ള ‘കനവ്’ എന്ന വിദ്യാലയം രാജ്യത്തെ അത്ഭുതപ്പെടുത്തിയ സമാന്തര വിദ്യാഭ്യാസ കേന്ദ്രമാണ്. ഇവിടെയുള്ള ആദിവാസി ഊരിലെ കുട്ടികൾ ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കുന്നു. അത്രമാത്രം എല്ലാവരെയും ആ ബദൽ വിദ്യാഭ്യാസ രീതി വിസ്മയപ്പെടുത്തി.
സിനിമ സംവിധാനം, പാട്ട്, നൃത്തം, ചിത്രകല, കളരിപ്പയറ്റ് എന്നുവേണ്ട എല്ലാ മേഖലയിലും ഊരിലെ കുട്ടികൾ കഴിവുതെളിയിച്ചിട്ടുണ്ട്. കെ.ജെ. ബേബി എന്ന കണ്ണൂരുകാരനായ പഴയ നക്സലൈറ്റ് വയനാട്ടിലെത്തി കെട്ടിപ്പടുത്ത കനവ് വയനാടിന്റെ സാംസ്കാരിക ചിഹ്നമായി ഇത് മാറുകയായിരുന്നു. ’90കളുടെ തുടക്കത്തിലാണ് കനവ് സജീവമായത്. കെ.ജെ. ബേബിയുടെ പ്രസിദ്ധമായ നാടുഗദ്ദിക നാടകത്തിന്റെ രണ്ടാമത് റിഹേഴ്സൽ 1992ൽ നടവയലിൽ നടക്കുന്ന കാലം.
അഭിനേതാക്കൾ മിക്കവരും നടവയൽ പരിസരത്തെ കാട്ടുനായ്ക്ക, പണിയ ഊരുകളിൽപ്പെട്ടവരാണ്. റിഹേഴ്സലിന് വരുന്നവരുടെ മക്കളും മരുമക്കളുമായി 30ലേറെ കുട്ടികൾ കെ.ജെ. ബേബിയുടെ വീട്ടിലെത്തുമായിരുന്നു. അവരിൽ നിന്നുമാണ് കനവിന്റെ തുടക്കം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ, സയൻസ്, കണക്ക്, ശാസ്ത്രീയ നൃത്തം, ചിത്രകല, സിനിമ, കുട്ടനെയ്ത്ത്, മൺപാത്ര നിർമാണം, കളരി അഭ്യാസവും ചികിത്സയും, നീന്തൽ എന്നിവയൊക്കെ കനവിലെ കുട്ടികൾ പഠിച്ചു.
കുറസോവയുടെയും മറ്റും സിനിമകൾ കുട്ടികളെ കാണിച്ച് നല്ല സിനിമകളെ കുറിച്ചുള്ള അവബോധമുണ്ടാക്കിയതിനുശേഷമായിരുന്നു സിനിമയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം. കനവിന്റെ ഗുഡ സിനിമയിൽ കാമറ ഒഴിച്ച് എല്ലാം ചെയ്തത് കനവിലെ കുട്ടികൾ തന്നെയായിരുന്നു. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ച ബേബിയുടെ ജീവിതം പിന്നീട് വയനാട്ടിലായിരുന്നു. ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയാത്ത അത്ഭുതജീവിതമായിരുന്നു ബേബിയുടേത്. നാടകപ്രവർത്തകൻ, നോവലിസ്റ്റ്, നാടൻപാട്ടുകാരൻ, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകൻ എന്നിങ്ങനെ അദ്ദേഹം ആദിവാസി-പിന്നാക്ക ജനതക്ക് വേണ്ടി നിലകൊണ്ടു.
’70കളുടെ അവസാനം കേരളം മുഴുവൻ ചർച്ചയായ നാടുഗദ്ദികയെന്ന തെരുവുനാടകവുമായി അദ്ദേഹം നാടുചുറ്റി. നർമ്മദാ ബച്ചാവോ ആന്ദോളൻ സമരം, മാവൂർ ഗ്വാളിയോർ റയോൺസ് സമരം തുടങ്ങിയവക്ക് പിന്തുണ പ്രഖ്യാപിച്ച് പരിപാടികൾ അവതരിപ്പിച്ചു. കാടിന്റെ മക്കളെ അവരുടെ സാംസ്കാരികത്തനിമയിൽതന്നെ നിലനിർത്തി അവരിൽനിന്ന് പാഠങ്ങൾ പഠിച്ചാണ് അവരെ ബേബി വികാസത്തിലേക്ക് വഴിനടത്തിയത്.കനവിലെ ആദിവാസി കുട്ടികൾക്കൊപ്പമാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.