60 കോടിയുടെ നികുതി വെട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തൽ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും, പരിശോധന തുടരുമെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിൻ ഷാഹിറിൽ നിന്ന് വിശദീകരണം തേടുമെന്നുമാണ് ആദായനികുതി വൃത്തങ്ങൾ അറിയിച്ചു.

148 കോടിയിലേറെ രൂപയാണ് സിനിമ വരുമാനമായി നേടിയത്. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് ശരിയായ കണക്കല്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നികുതി റിട്ടേണും സമർപ്പിച്ചിരുന്നില്ല. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്റെ വിശദീകരണം.  

പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയോടെ റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിർമാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.

സാമ്പത്തിക ഇടപാടുകളുടെ മറവിൽ പറവ ഫിലിംസ് കമ്പനി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിയിരുന്നു. സൗബിനെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആദായനികുതി വകുപ്പ് കൂടി അന്വേഷണരംഗത്ത് എത്തുന്നത്. നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags:    
News Summary - Parava Films found to have evaded 60 crore tax; Actor Soubin Shahir will be questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.