പയ്യന്നൂർ: പരിയാരം കവര്‍ച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുല്ലയും അറസ്റ്റിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളെയും വലയിലാക്കി പരിയാരം സ്ക്വാഡ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി പിടികൂടിത്. ഇതിൽ കണ്ണൂര്‍ സൈബര്‍ സെല്‍ എസ്.ഐ യദുകൃഷ്ണനും, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജേഷ് കുയിലൂരും സജീവപങ്ക് വഹിച്ചു.
മോഷണ മുതലുകളില് എട്ടു പവന് സ്വർണവും മോഷ്ടാക്കള്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു. ഇവരെ പിടികൂടിയത് അറിഞ്ഞ് കവര്‍ച്ചകള്‍ നടന്ന സംസ്ഥാനത്തിനകത്തെയും പുറത്തേയും നിരവധി സ്റ്റേഷനുകളില്‍നിന്ന് പരിയാരം പൊലീസിനെ ബന്ധപ്പെടുന്നുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ മറ്റ് കവര്‍ച്ചകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയൂ. അതിനാൽ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പരിയാരം സ്ക്വാഡ് തലവന്‍ എസ്.എച്ച്.ഒ പി. നളിനാക്ഷന് പറഞ്ഞു. കഴിഞ്ഞ മാസം കവര്‍ച്ച സംഘത്തിലെ അംഗങ്ങളായ ജെറാള്‍ഡ്, രഘു എന്നിവരെ ആന്ധ്ര പൊലീസ് കഞ്ചാവ് കേസില്‍ പിടികൂടി കവര്‍ച്ച അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മറ്റൊരു പ്രതി സഞ്ജീവ് കുമാറിനെ അതിന് മുമ്പുതന്നെ അന്വേഷണ സ്ക്വാഡ് കോയമ്പത്തൂര്‍ സുളൂരില്‍നിന്ന് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
പയ്യന്നൂർ: ഒക്ടോബര്‍ 19നാണ് പരിയാരം ചിതപ്പിലെപൊയിലിലെ ഡോ. ഷക്കീറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന വയോധികയെ ഭീഷണിപ്പെടുത്തി 10 പവനും പണവും കവരുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴമാണ് കവര്‍ച്ചാവിവരം പുറത്തറിയുന്നത്. സെപ്റ്റംബർ 21ന് ഇതിനടുത്ത പ്രാദേശമായ പളുങ്കു ബസാറില്‍ മാടാളന് അബ്ദുല്ലയുടെ വീട്ടിലും സമാനരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. 25 പവനും 15000 രൂപയുമാണ് അവിടെനിന്ന് കൊള്ളയടിച്ചത്. അടുത്തടത്ത് രണ്ട് കവര്‍ച്ച, ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ നടന്നതോടെ ജനങ്ങള്‍ ഭീതിയിലായി.
തുടർന്ന് ജില്ല പൊലീസ് മേധാവി എം. ഹേമലത പയ്യന്നൂർ ഡിവൈ.എസ്.പി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് രൂപം നല്കി. വിരലടയാളമോ മറ്റ് തെളിവുകളോ ഇല്ലാത്ത ഈ കേസില്‍ ഏത് കവര്‍ച്ചാസംഘമാണ് എന്നറിയുന്നതിന് അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിച്ചു. നിരീക്ഷണ കാമറ തുണികൊണ്ട് മറച്ച് ഡി.വി.ആര് കൊണ്ടുപോവുകയും ചെയ്തിരുന്നു. കവര്‍ച്ച നടന്ന പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി കാമറകൾ പരിശോധിച്ചുള്ള അന്വേഷണമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും നടന്നത്. കുശാല്‍നഗറില്‍ ഇവരുടെ വാഹനം എത്തിയതായി വ്യക്തമായി. തുടര്‍ന്ന് കുശാല്‍നഗറിനടുത്തുള്ള ശുണ്ടിക്കൊപ്പ എന്ന സ്ഥലത്തെ ഹോട്ടലില്‍ നിന്ന് കവര്‍ച്ചസംഘത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചു. അവര്‍ ഫോണ്‍ ഓണ്‍ ചെയ്തതായി മനസ്സിലാക്കുകയും ചെയ്തു.
സംഘത്തിന്റെ ഫോട്ടോ തമിഴ്നാട് പൊലീസിന് കൈമാറി. ഇതോടെയാണ് കുപ്രസിദ്ധ കവര്ച്ചക്കാരന് സുള്ളന്‍ സുരേഷും സംഘവുമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണ സംഘം എസ്.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലേക്ക് പോവുകയും ഇവരെ പിടിക്കാനായുള്ള ശ്രമം തുടരുകയും ചെയ്തു. തുടർന്നാണ് കോയമ്പത്തൂര്‍ സുളൂരില്‍ കവര്‍ച്ചാസംഘാംഗമായ സഞ്ജീവ് കുമാറിനെ പിടികൂടിയത്.
സഞ്ജീവ് കുമാര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ഇവര്‍ ആന്ധ്രയിലെത്തിയെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ആന്ധ്ര പൊലീസിന് വിവരം കൈമാറി. കവര്‍ച്ച സംഘത്തിലെ അംഗങ്ങളായ ജെറാള്‍ഡ്, രഘു എന്നിവരെ കഞ്ചാവ് സഹിതം ആന്ധ്ര പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇവരെ കോടതി മുഖേന അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.
സംഘത്തലവനായ സുള്ളന്‍ സുരേഷ് കൊലക്കേസ് അടക്കം എണ്‍പതോളം കേസുകളിലെ പ്രതിയാണ്. മറ്റ് പ്രതികളും നിരവധി കവര്‍ച്ച കേസുകളില്‍ ഉൾപ്പെട്ടവരാണ്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സുള്ളന്‍ സുരേഷ് 2010ല്‍ മൊബെല്‍ ഫോണ്‍ കവര്‍ച്ചയിലുടെയാണ് മോഷണ രംഗത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നിരവധി കവര്‍ച്ച നടത്തി സംഘത്തിന്റെ തലവനാവുകയായിരുന്നു. എസ്.എച്ച്.ഒ പി. നളിനാക്ഷന്, അന്വേഷണ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സഞ്ജയ്കുമാര്‍, എ.എസ്. സയ്യിദ്, സീനിയര്‍ സി.പി.ഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ്, രജീഷ്, സഹോദരന്മാരായ ഷിജോ അഗസ്റ്റിന്, സോജി അഗസ്റ്റിന്, എ.എസ്.ഐ ചന്ദ്രന് എന്നിവരും വനിത സിവില്‍ പൊലീസ് ഓഫിസർ സൗമ്യയും അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.