പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചുവർഷത്തിനിടെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാലര മണിക്കൂറെടുത്താണ് ആറ് കേസിലെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്താൻ കോടതിയിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം മാറ്റിവെച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരം ഒരു കേസ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ആകെ 58 പ്രതികളിൽ 44 പേരെ പൊലീസ് പിടികൂടി. ഇനി 14 പേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. ഇവരും വൈകാതെ പിടിയിലാകുമെന്നാണ് സൂചന. ചൊവ്വാഴ്ച രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷിനു ജോർജ് (23), ഇലവുംതിട്ട സ്റ്റേഷനിലെ കേസിൽ പ്രജിത് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ചൊവ്വാഴ്ച പുലർെച്ച വീടുകളിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ മൊഴിപ്രകാരം പത്തനംതിട്ട ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനിലായി 29 കേസാണ് രജിസ്റ്റർ ചെയ്തത്.
ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒമ്പതും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ നാലും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരു പ്രതിയെയുമാണ് പിടികൂടാനുള്ളത്. കോന്നിയിൽ ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണച്ചുമതലയുള്ള ഡി.ഐ.ജി അജിതാ ബീഗം പറഞ്ഞു. ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഡ്യൂട്ടിയിലായിരുന്ന ഡി.ഐ.ജി ബുധനാഴ്ച രാവിലെ പത്തനംതിട്ടയിലെത്തി അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേസിന്‍റെ പുരോഗതി വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.