തിരുവനന്തപുരം: പാറ്റൂരിൽ യുവാക്കളെ വെട്ടിയ കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ഡിസംബർ 15ന് കാലാവധി കഴിയുന്ന സാഹചര്യത്തിലാണിത്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഓംപ്രകാശ് ഉപയോഗിച്ചുവെന്ന് പൊലീസ് പറയുന്ന മൊബൈൽ ഫോൺ പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് തന്നെയാണോ ശരിക്കും ഗുഢാലോചനക്ക് ഉപയോഗിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഫോറൻസിക് പരിശോധനയക്ക് നൽകിയിരിക്കുകയാണ്. ഇതിന്റെ പരിശോധനാ റിപ്പോർട്ട് വന്നിട്ടില്ല.
ഓം പ്രകാശിനെ ഒളിവിൽ പോകാൻ സഹായിച്ച വ്യക്തികൾ ആരൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതടക്കം അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാറിന്റെ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്.
രണ്ട് വർഷം മുമ്പ് നടന്ന ആക്രമണത്തിന്റെ ഗുഢാലോചന ഇപ്പോൾ എങ്ങനെ അന്വേഷിക്കുമെന്നും പ്രതിയെ പൊലീസ് മനഃപൂർവം കള്ള കഥകൾ പറഞ്ഞ് ഉപദ്രവിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ജനുവരി ഒമ്പതിന് കൺസ്ട്രക്ഷൻ കമ്പനി ഉടമയായ നിധിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.