സംഘ്പരിവാരത്തിന്റെ എച്ചില്‍ നക്കിയായി വെള്ളാപ്പള്ളി മാറുന്നത് അപമാനമെന്ന് പി.ഡി.പി; പൊലീസിൽ പരാതി

കോഴിക്കോട്: മലപ്പുറത്ത് നൂറ്റാണ്ടുകളായി നാനാജാതി മതവിഭാഗങ്ങള്‍ സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലുമാണ് കഴിഞ്ഞുവരുന്നതെന്നും വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി ആവശ്യപ്പെട്ടു. മലപ്പുറത്തെ ആക്ഷേപിക്കുകയും മതവിദ്വേഷം പ്രചരിപ്പിക്കുകയും കലാപാഹ്വാനം മുഴക്കുകയും ചെയ്‌ത വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മലപ്പുറം ജില്ല കമ്മിറ്റി ജില്ല പൊലീസ് മേധാവിക്ക് പരാതിയും നല്‍കി.

നിലമ്പൂര്‍ എസ്.എന്‍.ഡി.പി.യൂനിയന്‍ നടത്തിയ കണ്‍വെന്‍ഷനില്‍ വര്‍ഗീയ വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ മലപ്പുറത്തെ ഈഴവ ജനത പ്രതികരിക്കണമെന്ന് ജാഫര്‍അലി ദാരിമി പറഞ്ഞു.

മലപ്പുറത്തിന്റെ സമാധാന സാമൂഹിക സാഹോദര്യത്തില്‍ വിഷം കലക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാരത്തിന്റെ എച്ചില്‍ നക്കിയായി വെള്ളാപ്പള്ളി മാറുന്നത് അപമാനമാണ്. മലപ്പുറം പ്രത്യേക രാജ്യമായും പ്രത്യേക സംസ്ഥാനമായും വര്‍ഗീയ വിദ്വേഷ പ്രചാരകര്‍ക്ക് മാത്രമേ തെറ്റിദ്ധാരണയുള്ളൂ. യഥാര്‍ത്ഥ മലപ്പുറത്തെ തിരിച്ചറിയാന്‍ കുറച്ച് കാലം മലപ്പുറത്ത് വന്ന് താമസിച്ച് മാനവികത പഠിക്കണം.

മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞപ്പോള്‍ മലപ്പുറത്തെ വളഞ്ഞിട്ടാക്രമിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. വിദ്വേഷപ്രചാരകരെ നിലക്ക് നിര്‍ത്താന്‍ ശക്തമായ നിയമ നടപടിയാണുണ്ടാകണമെന്നും ജാഫര്‍ അലി ദാരിമി ആവശ്യപ്പെട്ടു.

Tags:    
News Summary - PDP against Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.