കൊച്ചി: ആശുപത്രിയിൽനിന്ന് ആംബുലൻസിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കിടക്കയിൽനിന്ന് മഅ്ദനിയുടെ വിറയാർന്ന കൈകൾ പ്രവർത്തകർക്കുനേരെ അഭിവാദ്യമായി ഉയർന്നു. ആർത്തിരമ്പുന്ന മുദ്രാവാക്യങ്ങൾ പ്രാർഥനകളായി മാറിയ നിമിഷം.
നിയമപോരാട്ടങ്ങൾക്കൊടുവിൽ ലഭിച്ച ഇളവിന്റെ ആനുകൂല്യത്തിൽ കാതങ്ങൾ താണ്ടിയെത്തിയിട്ടും രോഗബാധിതനായ പിതാവിനെ കാണാനാകാതെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. നിയമത്തിന്റെ നൂലാമാലകളും ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും താണ്ടിയിട്ടും പ്രിയപിതാവിന്റെ കൈപിടിക്കാനാകാതെയുള്ള തങ്ങളുടെ നേതാവിന്റെ മടക്കയാത്ര പ്രവർത്തകരെയും വിഷമത്തിലാക്കി. വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്നും മഅ്ദനിയെ മടക്കയാത്രക്ക് സ്ട്രെച്ചറിൽ പുറത്തേക്ക് എത്തിച്ചത്.
ബന്ധുക്കളും പാർട്ടി നേതാക്കളുമടങ്ങുന്ന സംഘം ആശുപത്രിക്ക് അകത്ത് നിരന്നപ്പോൾ പ്രവർത്തകരുടെ വലിയ കൂട്ടമാണ് പുറത്തുണ്ടായിരുന്നത്. മഅ്ദനിയുമായി നേതാക്കൾ പുറത്തേക്ക് എത്തുമ്പോൾ ആശുപത്രിയുടെ മുറ്റം മുദ്രാവാക്യമുഖരിതമായി. 6.20ഓടെ മഅ്ദനിയുമായി ആംബുലൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
വിമാനത്താവളത്തിലെത്തിയശേഷം 9.20നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിലേക്ക് തിരിച്ചു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവിൽ കഴിഞ്ഞ 26നാണ് ബംഗളൂരുവിൽനിന്ന് മഅ്ദനി കൊല്ലത്തേക്ക് പുറപ്പെട്ടത്. എന്നാൽ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി യാത്ര തുടരവെ ആലുവയിലെത്തിയപ്പോൾ കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയർന്ന രക്തസമ്മർദവും ക്രിയാറ്റിനീൻ അളവുകൂടുതലും മറ്റനേകം ശാരീരിക പ്രശ്നങ്ങളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ചികിത്സ നൽകിയെങ്കിലും ശാരീരികാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
ഇതിനിടെ, കോടതി അനുവദിച്ച ഇളവ് കാലാവധി ശനിയാഴ്ച അവസാനിക്കുമെന്നതിനാൽ വെള്ളിയാഴ്ചതന്നെ ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടി വരുകയായിരുന്നു. ഡയാലിസിസ് ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും യാത്രക്ക് തടസ്സമാകുമെന്നതിനാൽ മഅ്ദനി അതിന് തയാറായില്ല. തിങ്കളാഴ്ചയാണ് സുപ്രീംകോടതിയിൽ വീണ്ടും മഅ്ദനിയുടെ കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 17നാണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅ്ദനിക്ക് സുപ്രീം കോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.