തൃശൂർ: അങ്ങിങ്ങ് തുരുത്തുപോലെ വലിയ ആൾക്കൂട്ടങ്ങൾ. ചിലർ ആനച്ചന്തം ആസ്വദിച്ച്. മറ്റുചിലർ മേളത്തിൽ ഭ്രമിച്ച്. ഇനിയും ചിലർ വെടിക്കെട്ടിന്റെ ഒരുക്കത്തിൽ പുളകംകൊണ്ട്. ഓരോയിടത്ത് നിലയുറപ്പിച്ച ആയിരങ്ങളെക്കാൾ പലമടങ്ങ് തൃശൂരിന്റെ സിരകളായ വീഥികൾ നിറഞ്ഞലഞ്ഞങ്ങനെ...രണ്ടുവർഷം കൈവിട്ടുപോയ പൂരം തിരിച്ചുപിടിച്ച ആഹ്ലാദത്തിലായിരുന്നു എല്ലാവരും. പല ദേശങ്ങളിൽനിന്ന് തൃശൂരിലേക്ക് ഒഴുകിയ എണ്ണമറ്റ ജനതക്ക് മനംനിറഞ്ഞു. പൂരം കെങ്കേമമായി.
പൂരം നാളിൽ പുലരിവെട്ടം തെളിയും മുമ്പ് വടക്കുന്നാഥസന്നിധിയിൽ എത്തുന്ന കണിമംഗലം ശാസ്താവിനും പിന്നാലെ എഴുന്നള്ളിയെത്തുന്ന മറ്റ് ദേവതകൾക്കുമൊപ്പം വരുന്ന ഒരുപറ്റം ദേശക്കാർ ഇത്തവണ പഴങ്കാഴ്ചയായി. ഓരോ പൂരവും ആൾക്കടലായാണ് നഗരത്തിലെത്തിയത്. ഘടകപൂരങ്ങളായി വരുന്ന ആറ് ഭഗവതിമാരും രണ്ട് ശാസ്താക്കളും തങ്ങളുടെ തട്ടകത്തുള്ളവരെ മുഴുവൻ വടക്കുന്നാഥ സന്നിധിയിലേക്ക് നയിച്ചു. അതിനെക്കാൾ ആളാരവം തീർത്ത് പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും. എല്ലാം ചേർന്ന് നഗരം പൂരത്തിലമർന്നു. എല്ലാ കാഴ്ചയും പൂരം...പൂരം മാത്രം. മഴയുടെ മേലാപ്പിന് കീഴെയായിരുന്നു പൂരം പടർന്നത്. സന്ധ്യ പിന്നിട്ട് കുടമാറ്റം നീളുമ്പോൾ മഴയുടെ മേളമൊന്ന് മുറുകി. പൂരക്കൂട്ടത്തിന്റെ ആവേശം കെടുത്താനാകാതെ പിന്നെ മഴ പതിയെ പിൻവാങ്ങി.
പകൽ മുഴുവൻ നീണ്ട അലച്ചിലും മഠത്തിലേക്കുള്ള വരവും മഠത്തിൽ വരവും പാറമേക്കാവിന്റെ പൂരം പുറപ്പാടും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും പ്രസിദ്ധമായ കുടമാറ്റവും ജനസഹസ്രങ്ങളും ഇഴുകിച്ചേർന്ന പൂരം തൃശൂർ പൂരചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തിന്റെ ഹൃദ്യാനുഭവമായി. ഒരിക്കൽ നഷ്ടപ്പെട്ടത് വീറോടെ വീണ്ടെടുക്കുമെന്ന പ്രഖ്യാപനംപോലെ ജനത പൂരത്തിലമർന്നിറങ്ങി.
ചാറ്റൽ മഴയഴകിൽ ഘടകപൂരങ്ങൾ
തൃശൂർ: താളമേള പെരുക്കത്തിൽ പുരുഷാരവങ്ങളിൽ മുങ്ങി ചെറുപൂരങ്ങൾ എത്തിയതോടെ തേക്കിൻകാടിന് പൂരാവേശം. മഴയുടെ അകമ്പടിയോടെയാണ് തട്ടകക്കാർക്കൊപ്പം ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാർ വടക്കുന്നാഥനിലെത്തി പൂരം കൊണ്ടത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചാറ്റൽമഴക്കൊപ്പം കണിമംഗലം ശാസ്താവ് എത്തിയതോടെ എങ്ങും ആരവങ്ങൾ. തിങ്കളാഴ്ച നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ കാണാനെത്തിയതോടെ താളംപിടിച്ച് പൂരപ്രേമികളും ഒപ്പംകൂടി. പുലർച്ച നാലോടെ ഒമ്പത് ആനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി. ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തിലെത്തി കോലമിറക്കിവെച്ച് വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. ശാസ്താവിന്റെ പൂരം ക്ഷേത്രമതിൽക്കകത്ത് പടിഞ്ഞാറേ നടയിൽ മേളം കലാശിച്ച് കിഴക്കേനടയിലൂടെ എഴുന്നള്ളിപ്പ് പുറത്തുവന്നു. തിരിച്ചിറക്കി പൂജക്കായി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങി. പനമുക്കുംപിള്ളി ശാസ്താക്ഷേത്രത്തിൽനിന്ന് മൂന്നാനയും പാണ്ടിമേളവുമായാണ് പുറപ്പെട്ടത്. പഞ്ചവാദ്യത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിലൂടെ കിഴക്കേ ഗോപുരം കടന്ന് വടക്കുന്നാഥനിലെത്തി. ചെമ്പുക്കാവ് ഭഗവതി മൂന്നാനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയാണ് പുറപ്പെട്ടത്. കിഴക്കേ ഗോപുരത്തിലൂടെ വടക്കുന്നാഥനെ വണങ്ങി മതിൽക്കകത്ത് പഞ്ചവാദ്യം അവസാനിച്ചു. കാരമുക്ക് ഭഗവതി ക്ഷേത്രത്തിൽനിന്ന് പുലർച്ച അഞ്ചോടെ ഒരാനയുടെയും നടപ്പാണ്ടി മേളത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ തുടക്കം. കുളശ്ശേരി അമ്പലത്തിൽ ഇറക്കിപൂജ. അവിടെനിന്ന് മൂന്നാനപ്പുറത്ത് വടക്കുന്നാഥനിലെത്തി. ലാലൂർ ഭഗവതി മൂന്നാനപ്പുറത്താണ് പുറപ്പെട്ടത്. ഏഴാനപ്പുറത്ത് പഞ്ചവാദ്യവുമായി ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങി നടുവിലാൽ പന്തലിൽ പഞ്ചവാദ്യം മേളത്തിന് വഴിമാറി.
ചുരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് രാവിലെ ഏഴിന് തുടങ്ങി നടുവിലാൽ പന്തലിൽനിന്ന് 14ആനയും നൂറോളം വാദ്യകലാകാരന്മാരുടെയും അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തേക്കെത്തി. അയ്യന്തോൾ കാർത്യായിനി ഭഗവതി ഏഴരയോടെ പൂരത്തിന് പുറപ്പെട്ട് ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതിയുടെ പൂരം ഒമ്പത് ആനയും വാദ്യമേളങ്ങളുമായാണ് എത്തിയത്. പാറമേക്കാവും തിരുവമ്പാടിയും അടക്കം എട്ട് ഭഗവതിമാർക്ക് ഒപ്പം രണ്ട് ശാസ്താക്കളുമാണ് പൂരങ്ങളുടെ പൂരത്തെ പൂർണമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.