തച്ചനാട്ടുകര (പാലക്കാട്): ഇസ്ലാമിെൻറ പഞ്ചസ്തംഭങ്ങളിൽ ഏറെ അവഗണിക്കപ്പെടുന്ന ഒന്നാണ് സകാത്തെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ബൈത്തുസ്സകാത്ത് കേരള, മണ്ണാർക്കാട് കൊമ്പത്ത് നിർമിച്ച എട്ട് വീടുകൾ ഉൾക്കൊള്ളുന്ന 'പീപ്ൾസ് വില്ലേജ് പദ്ധതി' പൂർത്തീകരണ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടം ഉണ്ടെങ്കിലേ സംഘടിത സകാത് സാധ്യമാകൂവെന്ന് കരുതിയിരുന്ന ഒരു ഘട്ടത്തിൽനിന്ന് മഹല്ലടിസ്ഥാനത്തിൽ ചിലയിടങ്ങളിലെങ്കിലും സംഘടിത സകാത് സാധ്യമാകുന്ന തരത്തിലേക്ക് മഹല്ലുകൾ മാറിയത് ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ വി.കെ. അലി അധ്യക്ഷത വഹിച്ചു.
ബൈത്തുസ്സകാത്ത് കേരള, മണ്ണാർക്കാട് കൊമ്പത്ത് നിർമിച്ച 'പീപ്ൾസ് വില്ലേജ് പദ്ധതി' പൂർത്തീകരണ പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
മണ്ണാർക്കാട് താലൂക്കിൽനിന്ന് തിരഞ്ഞെടുത്ത എട്ട് കുടുംബങ്ങൾക്ക് നാലര സെൻറിൽ 550 ചതുരശ്ര അടിയിലാണ് വീട് നിർമിച്ച് നൽകിയത്. രണ്ട് കിടപ്പുമുറി, അടുക്കള, ഡൈനിങ് ഹാൾ, സിറ്റൗട്ട്, ടോയ്ലറ്റ് എന്നിവ അടങ്ങിയ വീടുകൾ പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തത്തോടു കൂടിയാണ് നിർമിച്ചത്. വീടുകൾക്ക് ആവശ്യമായ 55 സെൻറ് സ്ഥലം മണ്ണാർക്കാട് സ്വദേശി ദാനമായി നൽകുകയായിരുന്നു.
വില്ലേജിലേക്ക് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പിയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയും നിർവഹിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.കെ. ഉമ്മുസൽമ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജസീന അക്കര, എൻ.പി. അഷ്റഫ്, ജില്ല പഞ്ചായത്ത് അംഗം മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീർ തെക്കൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം റജീന, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി, കെ.എൻ.എം ജില്ല വൈസ് പ്രസിഡൻറ് പി. മുഹമ്മദലി അൻസാരി, േഗ്ലാബൽ വിസ്ഡം സംസ്ഥാന സെക്രട്ടറി ടി.കെ. അഷ്റഫ്, മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ, മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കളത്തിൽ അബ്ദുല്ല, മൗലാന ഹോസ്പിറ്റൽ എം.ഡി എൻ. അബ്ദുൽ റഷീദ്, മിനാർ ഗ്രൂപ് എം.ഡി എ. മുഹമ്മദ് ഷാഫി, ഷാരോൺ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി വി.ഇ. ഷാജഹാൻ, എം.ഇ.എസ് ജില്ല ട്രഷറർ അഡ്വ. നാസർ കൊമ്പത്ത്, പീപ്ൾസ് ഫൗണ്ടേഷൻ ജില്ല കൺവീനർ ബഷീർ പുതുക്കോട്, തണൽ മണ്ണാർക്കാട് ചെയർമാൻ കെ.എം. മുസ്തഫ ഹാജി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുസ്സലാം പുലാപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.