പെരിയ ഇരട്ടക്കൊല കേസിൽ മുൻ എം.എൽ.എ അടക്കം 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയതോടെ സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ ഒരു കോടിയോളം ചെലവാക്കി സുപ്രീംകോടതി അഭിഭാഷകരെ എത്തിച്ച പിണറായി സർക്കാർ തീരുമാനമാണ് ചർച്ചയാകുന്നത്. കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനായിരുന്നു രഞ്ജിത്ത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നീ വി.ഐ.പി അഭിഭാഷകരെ സർക്കാർ കൊണ്ടുവന്നത്.
സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ ഹൈകോടതിയിൽ കേസ് നടത്തുന്നതിന് സർക്കാർ സംവിധാനം ഉണ്ടായിരിക്കെയാണ് പുറത്തുനിന്നുള്ള അഭിഭാഷകരെ സർക്കാർ എത്തിച്ചത്. അഭിഭാഷകരെ കൊണ്ടുവരാൻ 88 ലക്ഷം രൂപയോളം സർക്കാർ ഖജനാവിൽ നിന്ന് ഫീസായി നൽകി. ഇതിന് പുറമേ സുപ്രീംകോടതിയിൽ കേസ് നടത്താൻ വേറെയും തുക ചെലവഴിച്ചു. ആകെ ഒന്നരക്കോടിയോളം രൂപ സർക്കാറിന് ചെലവായത്.
സീനിയർ അഭിഭാഷകൻ മനീന്ദർസിങ്ങിനെയും ജൂനിയർമാരെയും 2019 നവംബർ 11നാണ് ഡൽഹിയിൽ നിന്ന് കേസിന്റെ കാര്യങ്ങൾക്കായി കൊച്ചിയിൽ എത്തിയത്. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച അഭിഭാഷകസംഘം കൊച്ചി മറൈൻഡ്രൈവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. 2019 ഒക്ടോബറിൽ 25 ലക്ഷവും നവംബറിൽ 21 ലക്ഷവും, ഡിസംബറിൽ 42 ലക്ഷവുമാണ് അഭിഭാഷകർക്കും സഹായികൾക്കുമായി നൽകിയത്.
വിമാനടിക്കറ്റിനും ഹോട്ടൽ താമസത്തിനും ചെലവായ തുക മുൻകാല പ്രാബല്യത്തോടെ സർക്കാർ അനുമതി നൽകി ഉത്തരവിറക്കുകയും ചെയ്തിരുന്നു. കേരള പൊലീസിൽ നിന്ന് കേസ് സി.ബി.ഐയിൽ എത്തിയാൽ സി.പി.എം നേതാക്കൾക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നതിനാലാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചത്. എന്നാൽ, സർക്കാറിന്‍റെ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച്, പെരിയ കേസ് സി.ബി.ഐക്കുവിട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ, പ്രതികളെ രക്ഷിക്കാൻ ചെലവഴിച്ച പൊതുഖജനാവിലെ ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിലേക്ക് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇത്തരം കൊലപാതകങ്ങള്‍ നമ്മുടെ കേരളത്തില്‍ തുടരാന്‍ പാടില്ല. എന്ത് ക്രൂരത ചെയ്താലും അതിന് കുടപിടിച്ചു കൊടുക്കുന്ന സംവിധാനങ്ങളാണ് നീതിന്യായ വ്യവസ്ഥയും പൊലീസും മാറാന്‍ പാടില്ല. അതിനൊക്കെ എതിരാണ് ഈ കോടതി വിധി. 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊന്നത്. കേസിൽ ഉദുമ മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയടക്കം 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.
ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്തു നിന്നും പാറശ്ശാലയിൽ നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാത്രി 7.35ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.