കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ: അന്വേഷണം അട്ടിമറിക്കുന്നെന്ന്

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ഏഴ് ദുരൂഹ മരണങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.

കേസ് അട്ടിമറിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തറവാട്ടിലെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവർത്തകനുമായ അനിൽകുമാറുമാണ് ഈ ആവശ്യം ഉന്നയിച്ച് പരാതി നൽകിയത്. കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച കേസിൽ ഏറ്റവും അവസാനം മരിച്ച ജയമാധവ‍ന്‍റെ മരണം കൊലപാതകമാണെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും പ്രതികളെ പിടികൂടാതെ, പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

കൊലക്കുറ്റം ചുമത്തി ജില്ല ക്രൈബ്രാഞ്ച് ഒരു വർഷം മുമ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും പ്രതികളുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേസിന്‍റെ ആദ്യഘട്ടത്തിൽ കരമന പൊലീസിന് വന്ന ഗുരുതരമായ വീഴ്ച മറച്ചുവെക്കാനാണ് അന്വേഷണം ജില്ല ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നതെന്ന് ആരോപണമുണ്ട്. കേസിന്‍റെ അന്വേഷണത്തിനിടെ, ഇതിനകം അഞ്ച് ഉദ്യോഗസ്ഥർ മാറി. പ്രതികളുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അടുപ്പം കേസിനെ ബാധിക്കുന്നതായും ആരോപണമുണ്ട്.

കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏറ്റവും ഒടുവിൽ 2017 ഏപ്രില്‍ രണ്ടിനാണ് ജയമാധവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപിള്ളയുടെ മക‍ന്‍റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്‍റെയും പരാതിയിലാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കാര്യസ്ഥന്മാരായ രവീന്ദ്രൻ നായർക്കും മറ്റൊരു കാര്യസ്ഥനായ സഹദേവനും കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. തലയ്ക്കേറ്റ പരിക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധന റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫോറൻസിക് പരിശോധന നടത്തിയത്.

സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛര്‍ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മരിച്ച നിലയിൽ ജയമാധവൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയും ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതും പ്രധാന വീഴ്ചയായി.

സാക്ഷി മൊഴികളിലെ വൈരുധ്യവും അന്വേഷണസംഘം പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. കേസ് ആദ്യം അന്വേഷിച്ച കരമന പൊലീസിന്‍റെ വീഴ്ചകൾ പുറത്തുവരാതിരിക്കാനാണ് അന്വേഷണം അട്ടിമറിക്കുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം.

Tags:    
News Summary - petition to cm asking CBI probe in koodathil case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.