വെള്ളറട (തിരുവനന്തപുരം): ആര്യങ്കോട് പൊലീസ് സ്റ്റേഷനുനേരെ ഗുണ്ടാസംഘം പെട്രോൾ ബോംബെറിഞ്ഞു. സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒരു ബോംബ് സ്റ്റേഷൻ കെട്ടിടവും മറ്റൊന്ന് ജീപ്പും ലക്ഷ്യമാക്കിയാണ് എറിഞ്ഞത്. സ്റ്റേഷനിലേക്ക് എറിഞ്ഞ ബോംബ് പൊട്ടാത്തതിനാല് ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ 11ന് ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. പെട്രോള്‍ നിറച്ച ബിയര്‍ കുപ്പിയുമായി ബൈക്കിലെത്തിയ സംഘം സ്റ്റേഷനുനേരെ വലിച്ചെറിയുകയായിരുന്നു. പെരിങ്കടവിള ഭാഗത്ത് നിന്നെത്തിയ സംഘം ആക്രമണത്തിനുശേഷം ഒറ്റശേഖരമംഗലം ഭാഗത്തേക്കാണ് കടന്നത്. സംഭവസ്ഥലത്തുനിന്ന് പെട്രോള്‍ ബോംബ് കത്തിക്കാന്‍ കരുതിയ ലൈറ്ററും ചെരിപ്പും പൊലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ചെമ്പൂര് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി സുനീഷിനെ (19) ബൈക്കിലെത്തിയ രണ്ടുപേർ സ്കൂളിന് മുന്നില്‍വെച്ച് കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്യങ്കോട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.
സംഭവത്തിന് പിന്നില്‍ കഞ്ചാവ് ലോബിയാണെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതികള്‍ക്കായി വീടുകളില്‍ പല തവണ തിരച്ചില്‍ നടത്തി. കുത്തേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ തുടർച്ചയായാണ് പൊലീസ് സ്റ്റേഷനുനേരെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിയെ കുത്തിയതും പൊലീസ് സ്റ്റേഷന് ആക്രമിച്ചതും ഒരേ സംഘമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആര്യങ്കോട് സി.ഐ ശ്രീകുമാരന്‍ നായര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റൂറല്‍ എസ്.പി ദിവ്യ ആര്. ഗോപിനാഥ് സ്ഥലത്തെത്തി. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.