ഇരിങ്ങാലക്കുട: വരിതെറ്റിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പെട്രോള്‍ പമ്പ് ജീവനക്കാരൻ വാഹനയുടമയെ തലക്കടിച്ച് പരിക്കേൽപിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിലുള്ള പെട്രോള്‍പമ്പില്‍ സി.എൻ.ജി നിറക്കാനെത്തിയ തൊമ്മാന വീട്ടില്‍ ഷാന്‍റോക്കാണ് (52) അലുമിനിയം പൈപ്പുകൊണ്ട് അടിയേറ്റത്. സംഭവത്തിൽ മതിലകം കൂളിമുട്ടം കിള്ളികുളങ്ങര സജീവനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറെനേരം കാത്തുനിന്നിട്ടും വാഹനത്തില്‍ സി.എൻ.ജി നിറക്കാഞ്ഞതിനെ തുടർന്ന് ഷാന്‍റോ മറ്റു വാഹനങ്ങളുടെ മുന്നിലേക്ക് തന്‍റെ വാഹനം കയറ്റിയിട്ടതാണ് പ്രകോപന കാരണം. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വാഹനത്തിൽ ഗ്യാസ് നിറക്കില്ലെന്ന് പറഞ്ഞ സജീവൻ മറ്റുള്ളവരെയും അതിൽനിന്ന് തടഞ്ഞതായി ഷാന്റോ പറയുന്നു. വാക്കേറ്റം മൂർച്ഛിച്ചതിനൊടുവിൽ കൈയിൽ കിട്ടിയ അലുമിനിയം കമ്പികൊണ്ട് തലക്കടിക്കുകയായിരുന്നു. ഏറെനേരം രക്തം വാർന്നെങ്കിലും ഷാന്‍റോയെ ആശുപത്രിയിൽ എത്തിക്കാനോ സജീവനെ തടയാനോ ആരും ശ്രമിച്ചില്ല.
വിവരമറിഞ്ഞെത്തിയ മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഷാന്‍റോയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം മറ്റു ജീവനക്കാര്‍ ഒളിപ്പിച്ചിടത്തുനിന്നാണ് സജീവനെ കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിനിടെ ഇയാള്‍ക്കും ചെറിയ പരിക്കുള്ളതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.