പെട്രോൾ ടാങ്കർ അപകടം: ലോറിയിൽനിന്ന് പെട്രോൾ റോഡിലേക്ക് ഒഴുകി

അടൂർ: എം.സി റോഡിൽ പെട്രോൾ ടാങ്കർ ഒമ്നി വാനിൽ ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞത് മണിക്കൂറുകൾ ഭീതിയും ആശങ്കയും പരത്തി. വടക്കടത്തുകാവ് നടക്കാവിൽ പാലത്തിലാണ് ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് എറണാകുളം അമ്പലമുകൾ ഐ.ഒ.സി പ്ലാന്റിൽനിന്ന് തിരുവനന്തപുരം മണ്ണാന്തലയിലേക്ക് 12,000 ലിറ്റർ പെട്രോളുമായി പോയ ടാങ്കർ ലോറിയും അടൂരിലേക്ക് പോയ ഒമ്നി വാനും അപകടത്തിൽപെട്ടത്.

ടാങ്കർ ലോറിയിൽനിന്ന് പെട്രോൾ റോഡിലേക്ക് ഒഴുകിയത് ഭീതിപരത്തി. അപകട സാധ്യതയെത്തുടർന്ന് എം.സി റോഡുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു കിലോമീറ്റർ ചുറ്റളവിൽ അപകടമേഖലയായി പ്രഖ്യാപിച്ചു.സമീപവാസികളെ വീടുകളിൽനിന്ന് പൊലീസ് സഹായത്തോടെ ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറുകൾക്കുശേഷം നാല് മണിയോടെ നാല് ക്രെയിൻ , രണ്ട് മണ്ണുമാന്തി എന്നിവ ഉയോഗിച്ച് കഠിനപ്രയത്നത്തിനൊടുവിലാണ് ലോറി ഉയർത്തിയത്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊല്ലം ജില്ല മാനേജർ സുനിൽ സി. മാത്യു, പ്ലാന്‍റ് മാനേജർ സോമലത എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പാരിപ്പളളി പ്ലാന്‍റിൽനിന്ന് എമർജൻസി റെസ്പോൺസ് വെഹിക്കിൾ എത്തിച്ച് മറിഞ്ഞ ടാങ്കർ ലോറിയിൽനിന്ന് പെട്രോൾ മറ്റ് രണ്ട് വാഹനത്തിലേക്ക് പകർന്നു. അടൂർ, കൊട്ടാരക്കര, പത്തനംതിട്ട, ശാസ്താംകോട്ട, കോന്നി എന്നിവിടങ്ങളിൽനിന്നായി 10 അഗ്നിരക്ഷാ യൂനിറ്റുകളും ഫയർഫോഴ്സ് സിവിൽ ഡിഫൻസ് ടീമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ജില്ല ഫയർ ഓഫിസർ ബി.എം. പ്രതാപചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. അടൂർ ഡിവൈ.എസ്.പി ബിനുവിന്‍റെ നേതൃത്വത്തിൽ അടൂർ, ഏനാത്ത്, കൊടുമൺ, പന്തളം സ്റ്റേഷനുകളിൽനിന്നും പത്തനംതിട്ട എ.ആർ ക്യാമ്പിൽനിന്നുമുള്ള വൻ പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. 

Tags:    
News Summary - Petrol tanker accident: Petrol spilled from the lorry onto the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.