പെട്ടിമുടി: തോട്ടങ്ങളില്‍ പണിയെടുത്ത് ലയങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍. അവിടെ തമാശകളും കളിചിരിയും വര്‍ത്തമാനങ്ങളുമായി ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നവര്‍. അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപ്പാച്ചിലില്‍ ഒരുപാട് ജീവനുകള്‍ ഒറ്റരാത്രികൊണ്ട് മണ്ണിനടിയില്‍ അകപ്പെട്ടപ്പോള്‍ അദ്ഭുതകരമായ ചില രക്ഷപ്പെടലുകള്‍ക്ക് ഈ മണ്ണും സാക്ഷ്യംവഹിച്ചു.
അതുവരെയുണ്ടായിരുന്ന ചുറ്റുപാടുകളും കണ്ടുകൊണ്ടിരുന്ന ആളുകളും ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന യാഥാർഥ്യത്തിലും അവർ തേങ്ങുന്നു, ദിവസങ്ങൾക്കുശേഷവും. ആ വലിയ ദുരന്തത്തില്‍നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് അദ്ഭുതകരമെന്ന് അവര്‍ പറയുന്നു. പെട്ടിമുടിയില്‍ മണ്ണിനടിയിലായ നാല് ലയങ്ങളുടെയും അല്‍പം മുകള്‍വശത്തായാണ് ഷണ്‍മുഖയ്യയുടെയും വിജയകുമാറിെൻറയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്.
മലയിടിഞ്ഞുവന്നപ്പോള്‍ ഈ കുടുംബങ്ങളുടെ മാത്രം വാസസ്ഥലം ആ മണ്ണില്‍തന്നെ അവശേഷിച്ചു.
കണ്‍മുന്നില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിെൻറ മുറിവുകള്‍ ഈ കുടുംബങ്ങളെ കണ്ണീരിലാക്കുന്നു.
മലമുകളില്‍നിന്ന് സൂനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുനും ഭീതിപ്പെടുത്തുന്ന ആ നിമിഷങ്ങള്‍ പങ്കുവെച്ചു. ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. അവെൻറ കൂട്ടുകാരൊക്കെയും മണ്ണിലകപ്പെട്ടിരുന്നു. ഒന്നിച്ച് പഠിച്ചിരുന്നവര്‍; കളികൂട്ടുകാര്‍ -അത് പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.
''ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. ഞങ്ങളുടെ ജീവന്‍മാത്രം തിരിച്ചുതന്നു. ഒരുകുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവെക്കാതെ കൊണ്ടുപോയി...'' പറഞ്ഞ് മുഴുവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ചെറുപ്പംമുതല്‍ ഒന്നിച്ചു കളിച്ചുവളര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നോര്‍ത്ത് കരയുന്ന കവിതയും ആ ദുരിതദിനത്തിെൻറ ഓര്‍മയില്‍ വിതുമ്പുന്നു. തിരിച്ചുകിട്ടിയ ജീവനും അതിനൊപ്പം നഷ്ടമായ സ്നേഹബന്ധങ്ങളുടെ തീക്ഷ്ണമായ ഓര്‍മകളും വിട്ടുപോകില്ലൊരിക്കലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.