മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാനും തദ്ദേശീയരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം. പ്രതികൂല കാലാവസ്ഥയും മേഖലയിൽ വന്യജീവികളുടെയടക്കം സാന്നിധ്യവും കണ്ടതോടെ രണ്ടുദിവസമായി തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. തുടർ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി കലക്ടറുടെ സാന്നിധ്യത്തിൽ മൂന്നാറിൽ നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. പരിശോധന നിർത്തിവെക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നെങ്കിലും കാണാതായവരുടെ ബന്ധുക്കള്‍ തിരച്ചിൽ തുടരണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചത്.
ഏറെ ദുഷ്കരമായ വന പ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിച്ചശേഷം പെട്ടിമുടിക്ക് സമീപം ഭൂതക്കുഴി മേഖലയിൽ ചൊവാഴ്ച മുതൽ വീണ്ടും തിരച്ചിൽ നടത്താനാണ് ആലോചന. ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, എന്‍.ഡി.ആർ.എഫ്, തദ്ദേശിയരായ സാഹസിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന 20 അംഗങ്ങളെയാണ് തിരച്ചിലില്‍ പങ്കെടുപ്പിക്കും.
ഇതുവരെ നടത്തിയ തിരച്ചിലില്‍ ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍നിന്നും 31 മൃതദേഹങ്ങളും പുഴയിലെ ഗ്രാവല്‍ ബാങ്ക് ഭാഗത്തുനിന്നും 34 മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്. ഭൂതക്കുഴി മേഖലയിൽ പാറക്കെട്ടുകള്‍ കൂടുതലായി ഉള്ളതിനാല്‍ ഓക്സിജന്‍ സിലിണ്ടർ അടക്കമുള്ളവ എത്തിച്ചാകും തിരച്ചിൽ.
കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാൽ ഫോറസ്റ്റിെൻറ സഹായം തേടിയിട്ടുണ്ട്. ഡ്രോണും, റഡാറുമടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും തിരച്ചിൽ തുടരും.
പെട്ടിമുടിയിൽ മണ്ണ് അടിഞ്ഞു കൂടിയത് നീക്കം ചെയ്തുള്ള പരിശോധന ആവശ്യമെങ്കിൽ വീണ്ടും നടത്താനും യോഗത്തിൽ തീരുമാനിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് അടിയന്തര നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കലക്ടർ എച്ച് ദിനേശൻ പറഞ്ഞു. റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകള്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
യോഗത്തിൽ ഡീന്‍ കുര്യാക്കോസ് എം.പി , എസ്. രാജേന്ദ്രന് എം.എല്‍.എ , ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ആര്. കറുപ്പസ്വാമി, സുരേഷ് കുമാര്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍, ഡിവൈ.എസ്.പി രമേഷ് കുമാര്‍, ജില്ല പഞ്ചായത്ത് അംഗം വിജയകുമാര്‍, തഹസിൽദാര്‍ ജി.ജി.എം. കുന്നപ്പള്ളി, മുന്‍ എം.എല്‍.എ എ.കെ. മണി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.