തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരത്തിൽ ബുധനാഴ്ചയും മെഡിക്കൽ കോളജിൽ രോഗികൾ വലഞ്ഞു. ഒ.പി സമയം നീട്ടിയിട്ടുെണ്ടങ്കിലും ഡോക്ടർമാരുടെ കുറവ് മൂലം ഏറെ കാത്തുനിൽക്കേണ്ടി വരുന്നു. അഡ്മിഷനുകളുടെ എണ്ണവും മുൻ ആഴ്ചയെ അപേക്ഷിച്ച് കുറഞ്ഞു. കിടത്തി ചികിത്സയിലുണ്ടായിരുന്ന പലരെയും ജില്ല ആശുപത്രികളിലേക്കും മറ്റും തിരിച്ചയക്കുകയാണ്.
ശസ്ത്രക്രിയ വലിയ തോതിൽ കുറഞ്ഞു. നേരത്തേ നിശ്ചയിച്ചിരുന്നവയടക്കം മാറ്റിവെക്കുകയാണ്. പല മെഡിക്കൽ കോളജുകളിലും എം.ആർ.ഐ സ്കാനിങ്ങിന് തീയതി നൽകുന്നില്ല. എത്തുന്നവരോട് സമരം കഴിഞ്ഞ ശേഷം തീയതിയിടാൻ എത്താനാണ് ആവശ്യപ്പെടുന്നത്. പി.ജി ഡോക്ടർമാർക്ക് പകരം മെഡിക്കൽ ഓഫിസർമാരെ നിയമിച്ചതോടെ മിക്കയിടങ്ങളിലും അത്യാഹിത വിഭാഗത്തിൽ വലിയ പ്രതിസന്ധി നേരിടുന്നില്ല. എമർജൻസി ഓപറേഷനിലും കാഷ്വൽറ്റിയിലുമടക്കം നിർണായകമാണ് പി.ജി ഡോക്ടർമാർ. വിവിധ മെഡിക്കൽ കോളജുകളിലായി ആകെ 1600 ഓളം പി.ജി ഡോക്ടർമാരാണുള്ളത്്. ഇവരാണ് കോവിഡ് ഒഴികെ മറ്റ് ഡ്യൂട്ടികളിൽ നിന്നെല്ലാം കൂട്ടത്തോടെ വിട്ടുനിൽക്കുന്നത്.
നിലവിലെ ഡോക്ടർമാരെയും ഹൗസ് സർജൻമാരെയും പുതുതായി നിയമിച്ച ജൂനിയർ ഡോക്ടർമാരെയുമെല്ലാം പുനഃക്രമീകരിച്ചാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ. എമർജൻസി വിഭാഗത്തിൽ പി.ജി ഡോക്ടർമാർ 36 മണിക്കൂർ വെര തുടർച്ചയായി ജോലിയെടുക്കുന്നുണ്ട്. അധ്യാപകരുടെ എണ്ണം താരതമ്യേന കുറവാണ്. കൂടുതൽ നേരം ഡ്യൂട്ടിയെടുത്താണ് ഇവരും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. കാര്യങ്ങൾ കൈവിടുമെന്നതിനാൽ എത്രയും വേഗം സമരം ഒത്തുതീർപ്പാക്കണമെന്നാണ് ഇവരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.