"കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരധ്യായത്തിന് തിരശ്ശീല വീണു"; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല പൊന്നമ്മയുടെ കലാജീവിതമെന്നും നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നതും മുഖ്യമന്ത്രി പറഞ്ഞു.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെ.പി.എ.സിയിലാണ്. മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ചു. വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെ.പി.എ.സിയിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന് അവർ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രമുഖരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടകലോകത്തിന്‍റെയും ചരിത്രത്തിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്‍റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.

Full View

Tags:    
News Summary - Chief Minister condoled the death of Kaviyoor Ponnamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.