മുരളീധരൻ മന്ത്രിയായ ശേഷം സ്വർണക്കടത്തിന് കണക്കുണ്ടോ?; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

'മുരളീധരൻ മന്ത്രിയായ ശേഷം സ്വർണക്കടത്തിന് കണക്കുണ്ടോ?'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വി. മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നുവെന്നതിന് വല്ല കണക്കുമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ചുമതലയിൽ വന്ന ശേഷമല്ലെ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടന്നത്. സ്വർണക്കടത്ത് നടന്നത് നയതന്ത്ര ചാനലിലൂടെയല്ല എന്ന് പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്താണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു. മുരളീധരന്‍റെ പേര് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

''ഇവിടെ കേന്ദ്ര വിദേശകാര്യവകുപ്പിന്‍റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നതു കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഇദ്ദേഹം മന്ത്രിയായതിനുശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയില്‍ വന്നതിനുശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയത്? കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ?

നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിനു വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്.' ‐മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചില ഏജൻസികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടി. അതിന്‍റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് എൻഫോഴ്സ്മെന്‍റ് കിഫ്ബിക്കെതിരെ നടത്തുന്ന അന്വേഷണങ്ങളും കസ്റ്റംസ് ഹൈകോടതി‍യിൽ ഫയൽ ചെയ്ത പ്രസ്താവനയും.

രാജ്യത്ത് പുതിയ വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസി ഇറങ്ങിയത്. ഇപ്പോൾ കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - pinarayi vijayan criticize v muraleedharan over gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.