കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യമാണ് ധർമടത്തെ താരമണ്ഡലമാക്കുന്നത്. എന്നാൽ, കഴിഞ്ഞ പത്തുദിവസമായി ആ താരം ധർമടത്തിെൻറ മണ്ണിലില്ല. എങ്കിലും ധർമടത്തെ പോരിന് താരത്തിളക്കത്തിന് കുറവില്ല. മണ്ഡലത്തിൽ എവിടെത്തിരിഞ്ഞാലും പിണറായിയുടെ പോസ്റ്ററുകളാണ്.
കവലകൾതോറും ബോർഡുകളുമുണ്ട്. പ്രചാരണ വാഹനങ്ങൾ റോന്തുചുറ്റുന്നു. ഇടതുമുന്നണിയുടെ ക്യാപ്റ്റനെന്ന റോളിൽ സംസ്ഥാനമാകെ ഓടിനടന്ന് പോര് നയിക്കുന്ന പിണറായി വിജയെൻറ അസാന്നിധ്യം അറിയുന്നേയില്ല.
പത്രിക നൽകിയശേഷം ഒമ്പതുനാൾ പിണറായി മണ്ഡലത്തിൽ തന്നെയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും പ്രധാന കവലകളിലും പിണറായി നേരിട്ടെത്തി. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച് പിണറായി മടങ്ങിയതിൽപിന്നെ പ്രധാന നേതാക്കൾ ആരുംതന്നെ ധർമടത്തേക്ക് വന്നിട്ടില്ല.
മുഖ്യന് മിന്നുന്ന ജയം ഉറപ്പായ സ്വന്തം തട്ടകത്തിൽ അതിെൻറ ആവശ്യമില്ലെന്നാണ് ധർമടത്തെ പാർട്ടിക്കാരുടെ വിശദീകരണം. താൻ കുറച്ചുദിവസം ഉണ്ടാവില്ല. ആ കുറവ് അറിയിക്കരുതെന്ന് ഉണർത്തിയാണ് പിണറായി ഓരോ പ്രസംഗവും അവസാനിപ്പിച്ചത്. അത് അണികൾ അക്ഷരാർഥത്തിൽ ഏറ്റെടുത്തിരിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
അതിനായി ഇപ്പോൾ പ്രധാനമായും നടക്കുന്നത് രണ്ടു കാര്യങ്ങളാണ്. കുടുംബസംഗമം, പിന്നെ വീടുകയറിയുള്ള വോട്ടുചോദ്യം. 3000ത്തോളം കുടുംബസംഗമങ്ങളാണ് ധർമടത്ത് പ്ലാൻ െചയ്തിട്ടുള്ളത്. ഇതിൽ പകുതി പൂർത്തിയായി. െചറുസംഘങ്ങളാണ് വീടുകയറുന്നത്. ഒരോ ബൂത്തിലും ഇതിനായി പല സംഘങ്ങൾ പ്രവർത്തിക്കുന്നു. എല്ലാം ഏകോപിപ്പിച്ച് പിണറായി വിജയെൻറ വിശ്വസ്തർ നയിക്കുന്ന പിണറായി, എടക്കാട് ഏരിയ കമ്മിറ്റി അംഗങ്ങൾ നയിക്കുന്ന മണ്ഡലം കമ്മിറ്റി 24 മണിക്കൂറും സജീവമാണ്.
മാർച്ച് 29ന് പിണറായി വിജയൻ മണ്ഡലത്തിൽ തിരിച്ചെത്തും. ശേഷമുള്ള ദിവസങ്ങളിൽ മണ്ഡലത്തിൽ സ്വന്തം വോട്ടർമാരെ കാണുന്നുണ്ടെങ്കിലും പൂർണ സമയം ധർമടത്ത് ഉണ്ടാവില്ല. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും മുഖ്യമന്ത്രിക്ക് ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന നേതാക്കളൊന്നും വന്നില്ലെങ്കിലും പിണറായിക്ക് വോട്ട് ചോദിക്കാൻ പ്രകാശ് കാരാട്ട് ധർമടത്ത് എത്തുന്നുണ്ട്.
കൊട്ടിക്കലാശത്തിന് രണ്ടുനാൾമുമ്പ് ഏപ്രിൽ രണ്ടിന് അഞ്ചരക്കണ്ടിയിലാണ് കാരാട്ടിെൻറ റാലി. ഏറെനാളായി പൊതുരംഗത്തുനിന്ന് മാറിനിൽക്കുന്ന കാരാട്ടിെൻറ പുനഃപ്രവേശം കൂടിയാണ് ഈ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.