തിരുവനന്തപുരം: ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അൽ-ബന്ന ഗവർണർ ജ. പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗം കൂടിയായ ഷാർജ ഭരണാധികാരിയെ സ്വീകരിക്കാൻ കേരളം നടത്തുന്ന ഒരുക്കങ്ങളിൽ അംബാസഡർ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനം യു.എ.ഇ -ഇന്ത്യ ബന്ധം പൊതുവിലും യു.എ.ഇ- കേരള ബന്ധം പ്രത്യേകിച്ചും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.
ഞായറാഴ്ചയാണ് ഷാർജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തുന്നത്. 25, 26 തീയതികളിൽ അദ്ദേഹം തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. 27-ന് കൊച്ചിയിലെ പരിപാടിക്കുശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. 28ന് തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം ഷാർജക്ക് തിരികെ പോകുന്നത്.
കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതിനും കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡി.-ലിറ്റ് സ്വീകരിക്കാൻ സമ്മതിച്ചതിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഡോ. ഷെയ്ഖ് സുൽത്താനെ സ്വീകരിക്കാൻ കേരളം കാത്തിരിക്കുകയാണ്. ഷാർജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്. അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഷെയ്ഖ് സുൽത്താെൻറ സന്ദർശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി-.ലിറ്റ് ബിരുദം കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വെച്ച് സമ്മാനിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ മലപ്പുറം ജില്ലയിലെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിവന്നു. തിരുവനന്തപുരത്ത് പൊതുസ്വീകരണം സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നു. അതും അവസാനം ഒഴിവാക്കി. തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ-സാബി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.