മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറംവിരുദ്ധ പരാമർശം പി.ആർ ഏജൻസി നൽകിയത്; പിഴവ് സംഭവിച്ചതിൽ ഖേദവുമായി ‘ദ ഹിന്ദു’

ന്യൂഡൽഹി: സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ ദിനപത്രം. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസൻ എന്ന പി.ആർ ഏജൻസിയാണ് പ്രസ്തുത പരാമർശം ഉൾപ്പെടുത്തണമെന്ന് ആവശ്യ​പ്പെട്ട് തങ്ങളെ സമീപിച്ചതെന്ന് ‘ദ ഹിന്ദു’ വ്യക്തമാക്കി. ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പത്രം വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

മലപ്പുറം ജില്ലക്കെതിരെയുള്ള വിവാദ പരാമർശത്തിൽ വ്യാപക വിമർശനമുയർന്നതോടെ ‘ദി ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. പത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് പത്രം വിശദീകരണവുമായി രംഗത്തുവന്നത്. 

‘‘മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്താൻ പിആർ ഏജൻസിയായ കൈസൻ ‘ദ ഹിന്ദു’വിനെ സമീപിച്ചു. സെപ്തംബർ 29 ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ ഞങ്ങളുടെ മാധ്യമപ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്നു. തുടർന്ന്, പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. ഇത് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ഉൾപ്പെടുത്തണമെന്ന് പി.ആർ ഏജൻസി പ്രതിനിധി രേഖാമൂലം മാധ്യമപ്രവർത്തകയോട് ആവശ്യപ്പെടുകയായിരുന്നു. ഈ വരികളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് വീഴ്ചയാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു’ -എന്നാണ് എഡിറ്ററുടെ പേരിലുള്ള കുറിപ്പിൽ പറയുന്നത്.

വിവാദ പരാമർശം ന്യായീകരിച്ച് സി.പി.എം നേതാക്കളും അണികളും

അഭിമുഖത്തിലെ പരാമർശം വിവാദമായതോടെ അതിനെ ന്യായീകരിച്ച് സി.പി.എം നേതാക്കളും അണികളും ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും സജീവമായി രംഗത്തുവന്നിരുന്നു. എന്നാൽ, വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പ്രസ് സെക്രട്ടറി ‘ഹിന്ദു’വിന് കത്തയച്ചതും പത്രം വിശദീകരണം പ്രസിദ്ധീകരിച്ചതും. 

അഭിമുഖത്തിൽ മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടി​ല്ലെന്നും "രാഷ്ട്രവിരുദ്ധ", "ദേശവിരുദ്ധ പ്രവർത്തനങ്ങൾ" എന്ന പദങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും പ്രസ്‍ സെക്രട്ടറി എഴുതിയ കത്തിൽ പറഞ്ഞിരുന്നു. ‘‘2024 സെപ്തംബർ 30ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സി.പി.എം എപ്പോഴും ആർ.എസ്.എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്’ എന്ന അഭിമുഖത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ആരോപിക്കുന്ന ചില പ്രസ്താവനകളെക്കുറിച്ച്. മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല. അഭിമുഖത്തിൽ "രാഷ്ട്രവിരുദ്ധ" അല്ലെങ്കിൽ "ദേശവിരുദ്ധ പ്രവർത്തനങ്ങൾ" എന്ന പദങ്ങളും ഉപയോഗിച്ചിട്ടില്ല. ഇത് മുഖ്യമന്ത്രിയുടേയോ കേരള സർക്കാറിന്‍റെയോ നിലപാടുകളല്ല. ഈ പ്രസ്താവനകളുടെ തെറ്റായ റിപ്പോർട്ട് വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായിട്ടുണ്ട്. അതിനാൽ വിഷയത്തിൽ കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിന് മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന വ്യക്തത നൽകണം’ -എന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.

അഭിമുഖത്തിലെ വിവാദ പരാമർശം ഇങ്ങനെ:

‘ദ ​ഹി​ന്ദു’ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​ർ ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളെ ര​ഹ​സ്യ​മാ​യി ക​ണ്ട​ത്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തിനാണ് മലപ്പുറത്തിനെതിരായ വിവാദ പരാമർശം നടത്തിയത്. ‘‘നാ​ളു​ക​ളാ​യി യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന ന്യൂ​ന​പ​ക്ഷം ഇ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്. അ​ത്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി, ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ആ​ർ.​എ​സ്.​എ​സി​നെ​തി​രെ, സി.​പി.​എം മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നെ​ന്ന്​ വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. അ​തി​ന് കൂ​ട്ടു​നി​ന്ന് വ​ർ​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ൻ​വേ​ണ്ടി ചി​ല തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളും പ​ണി​യെ​ടു​ക്കു​ന്നു. മു​സ്​​ലിം തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ​ക്കെ​തി​രെ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ നീ​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ൾ​ക്ക്​ എ​തി​രാ​ണ്​ എ​ന്ന്​ വ​രു​ത്താ​ൻ അ​വ​ർ ശ്ര​മി​ക്കു​ക​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ കേ​ര​ള പൊ​ലീ​സ്​ 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി​യു​ടെ ഹ​വാ​ല​പ്പ​ണ​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​പ​ണ​മ​ത്ര​യും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്​ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്. ആ​ർ.​എ​സ്.​എ​സി​നോ​ട്​ സി.​പി.​എ​മ്മി​ന്​ മൃ​ദു​സ​മീ​പ​നം എ​ന്ന​ത്​ സ്വ​ർ​ണ​വും ഹ​വാ​ല​യും ​പി​ടി​കൂ​ടി​യ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ്.’’

Tags:    
News Summary - pinarayi vijayan's anti-Malappuram remarks given by PR agency; 'The Hindu' regrets the mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.