പി.ആർ.ഡിയെ ‘ഇരുട്ടിലാക്കി’ പിണറായിയുടെ പി.ആർ നാടകങ്ങൾ

ന്യൂഡൽഹി: വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അഭിമുഖത്തിൽ ചേർക്കാൻ ആവ​ശ്യപ്പെട്ട പി.ആർ ഏജൻസി ‘കൈസൻ’ മലയാളികളുമായി അഭേദ്യ ബന്ധമുള്ളത്. നിഖിൽ പവിത്രൻ പ്രസിഡന്റ് ആണെന്ന് പറയുന്ന ഈ പി.ആർ ഏജൻസിയുടെ പ്രതിനിധികളായി മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ വന്നതും രണ്ട് മലയാളികളാണ്. മലപ്പുറത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തണമെന്ന് ‘ഹിന്ദു’വിനോട് ആവശ്യപ്പെട്ടതും ഈ മലയാളികളിലൊരാളാണ്. കേരള സർക്കാറിന്റെ പി.ആർ.ഡിയെ ഇരുട്ടിൽ നിർത്തിയാണ് ലക്ഷങ്ങൾ മുടക്കിയുള്ള പിണറായിയുടെ പി.ആർ നാടകങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചുള്ള പി.ആർ നാടകങ്ങളിലാണ് കേരള മുഖ്യമന്ത്രിയും. സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മണിക്ക് കേരള ഹൗസിൽ ‘കൈസൻ’ എന്ന പി.ആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ ‘ഹിന്ദു’ റിപ്പോർട്ടർക്കൊപ്പം വന്നിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തു​മ്പോഴും കേരള ഹൗസിലെ സംസ്ഥാന സർക്കാറിന്റെ പി.ആർ.ഡി (പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ്) ഡയറക്ടറും ഉദ്യോഗസ്ഥരുമെല്ലാം ‘ഇരുട്ടിലാണ്’. മുഖ്യമന്ത്രി ഡൽഹി സന്ദർശനത്തിന്റെ കാര്യപരിപാടികളോ വിശദാംശങ്ങളോ മാധ്യമങ്ങളോട് പങ്കുവെക്കാതിരിക്കാൻ കഴിയാതെ പി.ആർ.ഡി നിസ്സഹായരാകുമ്പോഴാണ് പി.ആർ ഏജൻസി പറയുന്ന വഴിക്ക് മുഖ്യമന്ത്രി നീങ്ങുന്നത്.

ഇതേ പി.ആർ ഏജൻസിയെ വെച്ച് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ‘ഖലീജ് ടൈംസി’ന് പിണറായി വിജയൻ അഭിമുഖം നൽകി. ഖലീജ് ടൈംസിൽ പിണറായിക്ക് ഇടം അനുവദിച്ചതിന് ‘കൈസൻ’ ഏജൻസിയിലെ മീഡിയ കൺസൽട്ടന്റ് ആമിർ ഹശ്മി സമൂഹ മാധ്യമത്തിലൂടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

പി.ആർ ഏജൻസി പറയുന്നതു കേട്ട് സംസാരിക്കുന്നയാളല്ല താനെന്ന് 2020ൽ പറഞ്ഞ മുഖ്യമന്ത്രിക്കു വേണ്ടി അഭിമുഖം ഒരുക്കിയത് പി.ആർ ഏജൻസിയാണെന്ന് വെളിപ്പെടുത്തിയത് പ്രമുഖ ദേശീയ പത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒടുവിലത്തെ കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോഴും പി.ആർ.ഡി ഇരുട്ടിലായിരുന്നു. തന്റെ നിവേദനത്തിന്റെ പകർപ്പ് പോലും പി.ആർ.ഡിക്ക് നൽകാതിരുന്ന മുഖ്യമന്ത്രി, മോദിയോട് സംസാരിച്ചതെന്തെന്നും വെളിപ്പെടുത്തിയില്ല. ഡൽഹിയിൽ ദേശീയ നേതാക്കൾക്കായി വാർത്തകളും അഭിമുഖങ്ങളും നട്ടുപിടിപ്പിക്കാൻ ഏജൻസികളെ ഏൽപിക്കാറുണ്ടെങ്കിലും കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ഈ രീതി പിന്തുടരുന്നത് ഇതാദ്യമാണ്. 

Tags:    
News Summary - pinarayi vijayan's PR drama and PRD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.