കണ്ണൂര്‍: മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ കഷായത്തിൽ വിഷം കലർത്തി കാമുകനായ പാറശ്ശാല സ്വദേശി ഷാരോണിനെ കൊന്നതാണെന്ന പെൺസുഹൃത്ത് ഗ്രീഷ്മയുടെ കുറ്റസമ്മതത്തിന്റെ ഞെട്ടലിലാണ് കേരളം.
അവിശ്വസനീയമായ തരത്തിൽ വിഷം നൽകിയുള്ള കൊലപാതകങ്ങൾക്ക് കണ്ണൂരിലെ പിണറായി ഗ്രാമവും സാക്ഷ്യം വഹിച്ചിരുന്നു. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് മകളെയും അച്ഛനെയും അമ്മയെയും പിണറായി സ്വദേശി വണ്ണത്താംകണ്ടി സൗമ്യ സമാന രീതിയിൽ വിഷം നൽകി കൊലപ്പെടുത്തിയത്.
കേസിൽ ജയിലിൽ കഴിയവെ സൗമ്യയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് പാറശ്ശാലയിലെയും പിണറായിയിലേയും കേസുകളിൽ പൊലീസിന് പ്രധാന തുമ്പായത്. സൗമ്യ തനിച്ചല്ല കൊലപാതകം നടത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്താതെ പൊലീസ് കേസ് അട്ടിമറിച്ചെന്ന ആരോപണം പിണറായി കൂട്ടക്കൊലക്കേസിൽ ഉയർന്നിരുന്നു.
എലിവിഷം ഉപയോഗിച്ചാണ് സൗമ്യ കൊല നടത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലും വിഷം കലർത്തി.
2018 ജനുവരി 31നാണ് ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സൗമ്യയുടെ മകൾ ഐശ്വര്യ കിഷോര്‍ മരിക്കുന്നത്. ഒന്നരമാസത്തിനുള്ളിൽ മാതാവ് 65കാരിയായ കമലയും ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
കമലയുടെ മൃതദേഹ പരിശോധനയിൽ വിഷം അകത്തുചെന്നാണ് മരണമെന്ന് പൊലീസ് സര്‍ജന്‍ സൂചന നല്‍കിയിരുന്നു. വിഷം കലർന്നതെങ്ങനെയെന്ന് കണ്ടെത്താൻ കലക്ടറുടെ നിര്‍ദേശപ്രകാരം ഈ പ്രദേശത്തെ കിണര്‍ വെള്ളം അടക്കം പരിശോധിച്ചിരുന്നു. ഒരുമാസത്തിന് ശേഷം സൗമ്യയുടെ പിതാവ് 76കാരനായ കുഞ്ഞിക്കണ്ണനും മരിച്ചു. നാല് മാസത്തിനിടയില്‍ നടന്ന മൂന്ന് മരണങ്ങള്‍ പൊലീസിലും നാട്ടുകാരിലും ഏറെ സംശയങ്ങളുണ്ടാക്കി.
പിന്നാലെ, ഛര്‍ദിയെത്തുടര്‍ന്ന് സൗമ്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംശയം തോന്നിയ പൊലീസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ എലിവിഷത്തിന്റെ അംശം ശരീരത്തിൽ കടന്നതായി കണ്ടെത്തി. മകൾ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയ പൊലീസ് സൗമ്യയെ പ്രത്യേകം മുറിയിലേക്ക് മാറ്റി നിരീക്ഷിച്ചു. ഇതോടൊപ്പം ഇവരുടെ മുൻകാല പ്രവർത്തനങ്ങളും സൗഹൃദങ്ങളും പൊലീസ് അന്വേഷിച്ചു.
തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി അകന്നശേഷം പലരുമായും യുവതിക്ക് അടുപ്പമുണ്ടായിരുന്നു. രാത്രി മുറിയിൽ രണ്ടു യുവാക്കൾക്കൊപ്പം സൗമ്യയെ കണ്ടതിനെ തുടർന്നാണ് ഐശ്വര്യയെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.
അവിഹിത ബന്ധങ്ങൾക്ക് തടസ്സമായി നിന്ന മാതാപിതാക്കളെയും ഒന്നിനുപിറകെ മറ്റൊന്നായി കൊന്നു. 2012ൽ സൗമ്യയുടെ മറ്റൊരു മകൾ ഒന്നര വയസ്സുകാരി കീര്‍ത്തന സമാന സാഹചര്യത്തിൽ മരണപ്പെട്ടെങ്കിലും ഇത് കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.