തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയത് ഉടൻ റദ്ദാക്കണമെന്ന് പി.ജെ. ജോസഫ്.
ഉദ്യോഗസ്ഥർ അനുമതി നൽകിയെന്ന് പറഞ്ഞ് കൈ കഴുകാനാവില്ലെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തുവന്നത്. വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് വനംമന്ത്രി എം.കെ. ശശീന്ദ്രൻ പോലും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയെന്നാണ് ഉത്തരവിലുള്ളത്.
തന്‍റെ ഓഫീസോ മുഖ്യമന്ത്രിയുടെ ഒാഫീസോ വിഷയം അറിഞ്ഞില്ലെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചത്. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.