തൊടുപുഴ: സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫ് തരംഗം ആഞ്ഞുവീശിയിട്ടും 20259 വോട്ടിെൻറ ഭൂരിപക്ഷം നേടിയാണ് പി.ജെ മണ്ഡലം കാത്തത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് 67495 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോൺഗ്രസ് എമ്മിലെ പ്രഫ. കെ.ഐ. ആൻറണി 47,236 വോട്ടു നേടി രണ്ടാമതെത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി പി. ശ്യാംരാജ് 21263 വോട്ടുകള്‍ നേടി.
തൊടുപുഴ നിയോജകമണ്ഡലത്തില്‍ 11 തവണ മത്സര രംഗത്ത് വന്നപ്പോള്‍ ഒന്നൊഴികെ എല്ലാത്തവണയും വിജയിച്ച ചരിത്രമാണ് പി.ജെ. ജോസഫിേൻറത്. ജോസഫ് ഇടതുപക്ഷത്താകുകയും എതിര് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസില്‍നിന്ന് പി.ടി. തോമസ് വരുകയും ചെയ്തപ്പോഴാണ് ഒരുതവണ ജോസഫിന് പരാജയം സംഭവിച്ചത്. ഒരുതവണ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയും ചെയ്തു.
1970ലും 1977 ലും കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി.ജെ. ജോസഫ് തുടര്‍ന്ന് ആറുതവണ കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ഥിയായാണ് തൊടുപുഴയില്‍നിന്ന് വിജയിച്ചത്.
കഴിഞ്ഞ രണ്ടു ടേമില്‍ മാണി വിഭാഗം സ്ഥാനാര്‍ഥിയായിരുന്നു. ഇക്കുറി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജയിച്ചുകയറിയത്. എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം കൂടിയായ കെ.ഐ. ആൻറണി പി.ജെ. ജോസഫിെൻറ മുന്‍ സഹപ്രവര്ത്തകന് കൂടിയാണ്.
ഇദ്ദേഹത്തെ കളത്തിലിറക്കി വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫെങ്കിലും പി.ജെയുടെ വ്യക്തി പ്രഭാവത്തിന് മുന്നിൽ മണ്ഡലം പിടിക്കാൻ കഴിഞ്ഞില്ല. എൻ.ഡി.എയില്‍ ബി.ഡി.ജെ.എസ് കഴിഞ്ഞതവണ മികച്ച പ്രകടനം കാഴ്ചെവച്ച സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജിനെ കളത്തിലിറക്കിയെങ്കിലും കാര്യമായ നേട്ടം കൊയ്യാന്‍ കഴിഞ്ഞില്ല. തൊടുപുഴ നഗരസഭയിലാണ് പി.ജെ. ജോസഫിന് കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്.
6706 വോട്ടാണ് നഗരസഭയിലെ ലീഡ്. കുമാരമംഗലം -1034, കോടിക്കുളം-1317, വണ്ണപ്പുറം-436, കരിമണ്ണൂര്‍- 2486, ഇടവെട്ടി -975, മണക്കാട് - 1365, പുറപ്പുഴ-1505, കരിങ്കുന്നം -1679, മുട്ടം -1320, ആലക്കോട്- 727, ഉടുമ്പന്നൂര്‍ -514, വെള്ളിയാമറ്റം -506 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും ലഭിച്ച ഭൂരിപക്ഷം. 1127.
യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫിെൻറ ഭൂരിപക്ഷം ഇത്തവണ പകുതിയിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് (45,587) ജോസഫ് തൊടുപുഴയിൽനിന്ന് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 20,259 ലേക്ക് താഴ്ന്നു. ജോസഫിെൻറ ഭൂരിപക്ഷം പകുതിയോളം കുറക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ നേട്ടമായാണ് എൽ.ഡി.എഫ് കാണുന്നത്.
തൊടുപുഴ: സ്വന്തം വീടുള്‍പ്പെടുന്ന ബൂത്തിനുപുറമെ എതിര്‍സ്ഥാനാര്‍ഥി മാണി ഗ്രൂപ്പിലെ കെ.ഐ. ആൻറണിയുടെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് ലീഡ് നേടി. ജോസഫിെൻറ വീടുള്‍പ്പെടുന്ന ബൂത്തായ പുറപ്പുഴ 144ാം നമ്പര്‍ ബൂത്തില്‍ 331 വോട്ടിെൻറ ലീഡ് അദ്ദേഹത്തിന് ലഭിച്ചു. തൊടുപുഴ നഗരസഭയിലെ 34ാം വാര്‍ഡിലെ താമസക്കാരനായ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട് ഉള്‍പ്പെടുന്ന ബൂത്തിലും പി.ജെ. ജോസഫ് 311 ലീഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.