അൻവറിന്റെ രാജി ഞങ്ങൾക്ക് സർപ്രൈസ്, ലീഗിനെ പുകഴ്ത്തിയതിൽ സന്തോഷം -പി.കെ. കുഞ്ഞാലിക്കുട്ടി

അൻവറിന്റെ രാജി ഞങ്ങൾക്ക് സർപ്രൈസ്, ലീഗിനെ പുകഴ്ത്തിയതിൽ സന്തോഷം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചത് മുസ്‍ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. അൻവറിന്റെ രാജി സർപ്രൈസ് ആണെന്നും ഇക്കാര്യത്തിൽ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇ​ല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘അൻവറിന്റെ രാജി ഞങ്ങൾക്ക് സർപ്രൈസ് ആണ്. മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇനി യു.ഡി.എഫ് ആണ് തീരുമാനം എടുക്കേണ്ടത്. ആദ്യം കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. പിന്നീട് യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നിൽക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തിൽ ഇല്ല. അൻവർ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ -അദ്ദേഹം പറഞ്ഞു.

അൻവർ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാൻ എം.എൽ.എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരണ​മെന്ന് മമത ബാനർജി ആവശ്യ​പ്പെട്ടതിനാലാണ് നിലമ്പൂർ എം.എൽ.എ പദവി രാജിവെച്ചതെന്ന് പി.വി. അൻവർ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പകരം കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണമെന്ന നിർദേശവും അൻവർ മുന്നോട്ടുവെച്ചിരുന്നു.

‘നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊൽക്കത്തയിൽ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാൻ എന്നോട് പറഞ്ഞത്. സ്വതന്ത്രനായി ജയിച്ച് എം.എൽ.എയായതിനാൽ മറ്റൊരു പാർട്ടിയിൽ ചേരുമ്പോൾ നിയമപ്രശ്നങ്ങൾ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്നമായതിനാൽ കാലതാമസം പാടില്ലെന്നും ഉടൻ രാജിവെച്ച് പ്രവർത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കഴിഞ്ഞ 11ന് (ശനിയാഴ്ച) തന്നെ സ്പീക്കർക്ക് രാജിക്കത്ത് ഇമെയിൽ ചെയ്തിരുന്നു. എന്നാൽ, നേരിട്ട് കൈമാറണമെന്ന നിർദേശം ലഭിച്ചതിനാലാണ് ​കൊൽക്കത്തയിൽനിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത്’ -അൻവർ പറഞ്ഞു.

Tags:    
News Summary - pk kunhalikkutti about pv anvar resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.