കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെ ആണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി. സി.പി.എം ഭൂരിപക്ഷ വർഗീയത ഇളക്കിവിടുകയാണ്. ക്രൂരമായ പരാമർശമാണ് വിജയരാഘവന്റെത്. ഉത്തരേന്ത്യയിൽ ബി.ജെ.പി കൊണ്ടുനടക്കുന്ന രാഷ്ട്രീയമാണ് സി.പി.എം കേരളത്തിൽ പരീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
വോട്ടു ചോരുമെന്ന ആധിയാണവരെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ പ്രേരിപ്പിക്കുന്നത്. ഇത് കേരളമാണെന്നും കുഞ്ഞാലിക്കുട്ടി ഓർമപ്പെടുത്തി. വർഗീയത പറഞ്ഞാൽ കേരളത്തിൽ വിപരീത ഫലമാണ് ഉണ്ടാവുക. വയനാട്ടിലെ വോട്ടർമാരെ മൊത്തം തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്നായിരുന്നു വിവാദത്തിൽ മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രതികരണം. ആർ.എസ്.എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്.വര്‍ഗീയത പറയുന്നതിന് രാഷ്ട്രീയ ജീവതത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി തരാനാണ് ഒരുങ്ങി നില്‍ക്കുന്നതെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്‍ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്. സി.പി.എം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിജയരാഘവന്റെ വിവാദ പരാമർശം.അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.