കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് മുസ്ലിം ലീഗിന് അർഹതയുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴുള്ളത് പോരെന്നത് ശരിയാണ്. മൂന്നാം ലോക്സഭ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ട്. ഇതുസംബന്ധിച്ച ചർച്ചകളൊന്നും തുടങ്ങിയില്ല. യു.ഡി.എഫിൽ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണമേഖലയെ തളർത്തുമെന്നും എന്നാൽ, ഈ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് സർക്കാർ പണം തിരിച്ചുനല്‍കണം. സി.പി.എമ്മിന്റെ സൊസൈറ്റിയായാലും ലീഗിന്റെ സൊസൈറ്റിയായാലും സാധാരണക്കാരന് പണം നഷ്ടമാകാൻ പാടില്ല.
സഹകരണമേഖലക്ക് വരുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച കൂടിയാലോചനക്കായി ഈമാസം നാലിന് തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല. അഴിമതിയെ ന്യായീകരിക്കാനാവില്ല. കേന്ദ്ര ഏജൻസികൾ തുടർച്ചയായി സഹകരണമേഖലക്കെതിരെ തിരിയുന്നതടക്കമുള്ള വിഷയങ്ങൾ യു.ഡി.എഫ് ചർച്ച ചെയ്യും. ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണത്തിൽ സംശയനിവൃത്തി വരുത്തിയതിന് ശേഷമേ അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളിൽ ചാടിക്കയറി അഭിപ്രായം പറയാനും കുടുങ്ങാനുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.