തിരുവന്തപുരം: ഭാരത് ജോഡോ യാത്ര' നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന സി.പി.എം ബാനറിനെതിരെ മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സി.പി.എം രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ബി.ജെ.പിക്കെതിരെ പോരാട്ടം നയിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂ. ഈ പോരാട്ടത്തിൽ സി.പി.എമ്മും അണിചേരണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
ചെറുകരയിലെ ഏലംകുളം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ആയ എ.കെ.ജി സ്മാരക മന്ദിരത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പേരിൽ രാഹുലിനെതിരെ ബാനർ കെട്ടിയത്.'പൊറോട്ടയല്ല... പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്...' എന്നാണ് കറുത്ത ബാനറിൽ എഴുതിയിട്ടുള്ളത്. ഡി.വൈ.എഫ്.ഐ ഏലംകുളം കമ്മിറ്റിയുടെ പേരാണ് ബാനറിലുള്ളത്. ഭാരത് ജോഡോ യാത്ര പുലാമന്തോൾ ജങ്ഷനിൽ നിന്ന് പൂപ്പലത്തേക്ക് വരുന്ന വഴിയാണ് ബാനർ കെട്ടിയിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രക്കും രാഹുൽ ഗാന്ധിക്കും വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നൽകിയത്. പ്രവർത്തകർ കൈവീശിയും ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പദയാത്രക്ക് പിന്തുണ അറിയിച്ചു. രാവിലെ 6.30ന് പുലാമന്തോൾ ജങ്ഷനിൽ നിന്നാരംഭിച്ച ജാഥ ഉച്ചക്ക് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. ഉച്ചക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്കൂളിലാണ് രാത്രി വിശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.