‘പേര് പറയണ്ട, എ ഓർ ബി രാജിവെക്കേണ്ട’ -മുകേഷിനെ അനുകൂലിച്ച് പി.കെ. ശ്രീമതി

കണ്ണൂർ: നടിയുടെ ​പരാതിയിൽ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടനും സി.പി.എം എം.എല്‍.എയുമായ മുകേഷിനെ പിന്തുണച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർ. സർക്കാർ നിയോഗിച്ച നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വളരെ പ്രാപ്തരാണെന്നും അവർ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ശ്രീമതി പറഞ്ഞു. ‘നല്ല ബോൾഡായ നാല് വനിത ഐ.പി.എസുകാരും ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ ടീമാണ് പരാതികൾ അന്വേഷികുന്നത്. കേരളത്തിന്റയോ ഇന്ത്യയുടെയോ ചരിത്രത്തിൽ ഇങ്ങനെ ഒരു ടീം ഉണ്ടായിട്ടില്ല. എത്ര പെട്ടെന്നാണ് അവരുടെ ടീം ആക്ഷൻ തുടങ്ങിയത്. ആ ടീമിനെ ഞാൻ അഭിനന്ദിക്കുകയാണ്’ -ശ്രീമതി പറഞ്ഞു.

മുകേഷ് രാജിവെക്കുമോ എന്ന ചോദ്യത്തിന് ‘ആരുടെയും പേര് പറയണ്ട, കേസ് ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ എടുക്കുന്നുണ്ട്. എ ഓർ ബി പേര് പറയണ്ട. കേസ് വരട്ടെ. ആരോപണവിധേയർ തെളിയിക്കട്ടെ നിരപരാധിയാണെന്ന്. ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് ഏതെങ്കിലും നിയമത്തില്‍ പറയുന്നുണ്ടോ’ എന്നായിരുന്നു ശ്രീമതിയുടെ മറുപടി. ആരും സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ഗുസ്തി താരങ്ങളുടെ പരാതി ഉയർന്നപ്പോൾ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണാത്തതെന്നും ശ്രീമതി ചാനൽ ചർച്ചയിൽ പ്രതികരിച്ചു.

‘സിനിമ രംഗത്തുള്ള പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന രീതിയിലേക്ക് കാര്യം പോകുന്നത്. അദ്ദേഹം അഡ്മിനിസ്​ട്രേറ്റീവ് ചുമതലയിലുള്ളയാളല്ല. ഒരു ജനപ്രതിധി ഒരിക്കലും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ചെയർമാനോ ഭരണപരമായ ചുമതല വഹിക്കുന്ന ആളോ അല്ല. ആരോപണവിധേയർ മാറിനിൽക്കണ​മെന്ന് നിയമത്തിൽ പറയുന്നുണ്ടോ? ധാർമികതയുടെ പേരിൽ മാറിനിൽക്കണമെന്നാണെങ്കിൽ ആരാണ് ആ ധാർമികത നിശ്ചയിക്കേണ്ടത്? നിയമത്തിൽ അങ്ങനെ ഒരു വാക്കില്ല. ഉണ്ടായിരുന്നെങ്കിൽ പൊലീസുകാർക്ക് നിർദേശിച്ചു കൂടേ രാജിവെക്കണമെന്ന്?’ -ശ്രീമതി ടീച്ചർ ചോദിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുന്‍ മന്ത്രി പറഞ്ഞു.

നടിയുടെ പരാതിയില്‍ മരട് പൊലീസാണ് നടൻ എം. മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26-ാം തീയതിയാണ് എം മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, നോബിള്‍, വിച്ചു, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ നടി രംഗത്തെത്തിയത്.

നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Tags:    
News Summary - PK sreemathi about m mukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.