കണ്ണൂര്‍: പൊലീസിനെതിരെ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്‍പെക്ടർ പി.ആർ. സുനുവിനെതിരായ പരാതിയുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. 'പീഡനക്കേസിൽ പ്രതി! തൃക്കാക്കര സി.ഐ സുനു സ്ഥിരം കുറ്റവാളി. വേലി തന്നെ വിളവ് തിന്നുന്നോ? എന്നാണ് പി.കെ ശ്രീമതിയുടെ ചോദ്യം.
തൃക്കാക്കരയിൽ വാടകക്ക് താമസിക്കുന്ന ചേരാനല്ലൂർ സ്വദേശിനിയായ യുവതിയെ എറണാകുളം മരട് സ്വദേശിയായ സുനു ഉൾപ്പെടെ ഏഴുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. 2022 മേയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലത്താണ് സംഭവം. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലാണ്. ഇത് മുതലെടുത്ത് സഹായ വാഗ്ദാനം നൽകി പരാതിക്കാരിയെ സമീപിച്ച പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. കേസിലെ മൂന്നാം പ്രതിയായ സുനുവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഇന്നുണ്ടായേക്കും. സി.ഐയെ കൂടാതെ മറ്റ് നാലു പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭര്‍ത്താവിന്‍റെ സുഹൃത്ത് ശശി, ക്ഷേത്രം ജീവനക്കാരനായ അഭിലാഷ്, മറ്റൊരു പ്രതി രാജീവ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രണ്ടു പേര്‍ ഒളിവിലാണ്.
സി.ഐ പി.ആർ സുനു നേരത്തെ തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസില്‍ റിമാൻഡിലായ ആളാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകളും ഇയാൾക്കെതിരെയുണ്ട്. കേസുകളിൽ വകുപ്പുതല നടപടി അവസാനിക്കും മുമ്പാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. ആറ് മാസം മുമ്പാണ് സുനു എറണാകുളം ജില്ലയിൽനിന്ന് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.